തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ് മാണി വിഭാഗവുമായി സഹകരിക്കേണ്ടെന്ന സി.പി.ഐ സംസ്ഥാന ഘടകത്തിന്റെ നിലപാടിന് കേന്ദ്രനേതൃത്വത്തിന്റെ അംഗീകാരം. ഇക്കാര്യത്തില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിലപാട് തന്നെയാണ് തങ്ങള്‍ക്കുമെന്ന് സി.പി.ഐ ദേശീയ സെക്രട്ടറി ഡി.രാജ വ്യക്തമാക്കി. കേരളത്തിലെടുത്ത തീരുമാനമാണ് ഇക്കാര്യത്തില്‍ അന്തിമമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതോടെ മാണിയുടെ ഇടത് മുന്നണി പ്രവേശനം തര്‍ക്കത്തിലേക്ക് വഴി വയ്ക്കുമെന്ന് ഉറപ്പായി.
കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ ചേര്‍ന്ന സി.പി.ഐ – സി.പി.എം കേന്ദ്രനേതാക്കളുടെ യോഗത്തില്‍ ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുരപ്പില് മാണിയുമായി സഹകരണമാകാമെന്ന് പ്രാഥമിക ധാരണയായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ തീരുമാനം സംസ്ഥാന ഘടകത്തിന് വിട്ട് കേന്ദ്രനേതൃത്വം കൈകഴുകുകയായിരുന്നു. ചെങ്ങന്നൂരില്‍ മാണിയെ സഹകരിപ്പിക്കണമെന്നാണ് സി.പി.എമ്മിന്റെ താത്പര്യം. എന്നാല്‍ ബാര്‍ കോഴക്കേസില്‍ ആരോപണ വിധേയനായ മാണിയുമായി ബന്ധം വേണ്ടെന്നാണ് സി.പി.ഐയുടെ നിലപാട്.

ചെങ്ങന്നൂരിലെ ഉപതിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ മാണിയുടെ സഹായം വേണ്ടെന്നും പല തിരഞ്ഞെടുപ്പുകളിലും മാണിയില്ലാതെ ജയിച്ചിട്ടുണ്ടെന്നുമായിരുന്നു കാനത്തിന്റെ പ്രസ്താവന. അതിലും മോശമായ അവസ്ഥയിലേക്ക് മുന്നണി എത്തിയിട്ടില്ല. മാണിയുമായി സഹകരിക്കണമെന്ന് പാര്‍ട്ടി കേന്ദ്രനേതൃത്വം തീരുമാനിക്കില്ല. വേണമെങ്കില്‍ സി.പി.എമ്മിന് മാണിയെ കൂടെക്കൂട്ടാമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കാനത്തിന്റെ നിലപാട് അംഗീകരിച്ച് കേന്ദ്രനേതൃത്വം രംഗത്തെത്തിയത്. എന്നാല്‍ ഇക്കാര്യത്തില്‍ സി.പി.എം നേതാക്കളാരും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.













