‘മഹ’ചുഴലിക്കാറ്റ്: കേരളത്തില്‍ അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,ശക്തമായ മഴയും കാറ്റും തുടരും


തിരുവന്തപുരം: അറബിക്കടലില്‍ ലക്ഷദ്വീപ് മേഖലയിലായി രൂപം കൊണ്ട ‘മഹ’ ചുഴലിക്കാറ്റ് അതിത്രീവമാകുന്നു. ലക്ഷദ്വീപില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം തുടരുകയാണ്. കേരളത്തിലും ശക്തമായ മഴയും കാറ്റും തുടരും. കനത്തമഴയെ തുടര്‍ന്ന് എറണാകുളം, ഇടുക്കി, തൃശ്ശൂര്‍,മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയവും ഒഴികെയുള്ള മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. മഴയിലും ചുഴലിക്കാറ്റിലും കനത്ത നാശനഷ്ടം സംഭവിക്കാന്‍ സാധ്യതയുള്ള ലക്ഷദ്വീപില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.


നിലവില്‍ ലക്ഷദ്വീപിലെ അമിനിദിവിയില്‍ തെക്ക് കിഴക്കായി 40കി.മീ. ദൂരത്തിലും മിനിക്കോയില്‍ നിന്ന് 300 കിലോമീറ്റര്‍ ദൂരത്തും വടക്ക് കവരത്തിയില്‍ നിന്ന് 60 കി.മീ ദൂരത്തും കോഴിക്കോട് നിന്ന് പടിഞ്ഞാറ് 325കി.മീ ദൂരത്തുമായാണ് ചുഴലിക്കാറ്റിന്റെ സ്ഥാനം. ലക്ഷദ്വീപിലേക്ക് എത്തുന്ന ചുഴലിക്കാറ്റ് അടുത്ത 24 മണിക്കൂറിനുള്ളില്‍ അതിതീവ്രമാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍. ലക്ഷദ്വീപില്‍ ഇന്ന് മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗതയില്‍ വരെ ചുഴലിക്കാറ്റ് ആഞ്ഞടിക്കും.


മഹ ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തില്‍ കേരളം ഉള്‍പ്പെടുന്നില്ലെങ്കിലും സംസ്ഥാനത്ത് 60 കീലോ മീറ്റര്‍ വേഗതയില്‍ വരെ കാറ്റ് വീശുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.കനത്ത മഴ തുടരുമെന്നും മുന്നറിയിപ്പുണ്ട്. കേരള തീരത്ത് മത്സ്യബന്ധനത്തിന് പൂര്‍ണ്ണ നിരോധനം ഏര്‍പ്പെടുത്തുകയും മത്സ്യത്തൊഴിലാളികളെ പൂര്‍ണ്ണമായും തിരിച്ചു വിളിക്കുകയും ചെയ്തിട്ടുണ്ട്. ഇനിയുള്ള സമയങ്ങളിലും കടല്‍ അതിപ്രക്ഷുബ്ധാവസ്ഥയില്‍ തുടരുന്നതാണ്

കാലാവസ്ഥ മോശമായതിനാല്‍ കോഴിക്കോട് ബേപ്പൂരില്‍ നിന്ന് ലക്ഷദ്വീപിലേക്കുള്ള കപ്പല്‍ സര്‍വ്വീസുകള്‍ നിര്‍ത്തിവച്ചു. നാലാം തീയതി വരെ ലക്ഷദ്വീപിലേക്കുള്ള യാത്രാക്കപ്പലുകളും ചരക്കുകപ്പലുകളും സര്‍വ്വീസ് നടത്തില്ല. കവരത്തിയിലും മിത്ര ദ്വീപിലും ജനങ്ങളെ ക്യാമ്ബുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു.കടലാക്രമണത്തില്‍ പൊന്നാനിയില്‍ ഇരുപത്‌വീടുകളില്‍ വെള്ളം കയറി. ഈ കുടുംബങ്ങളെ തൊട്ടടുത്ത എം ഐ സ്‌കൂളിലേക്ക് മാറ്റി. പൊന്നാനി ലൈറ്റ് ഹൗസ് പരിസരം, അലിയാര്‍ പള്ളി എന്നിവിടങ്ങളിലാണ് കടലാക്രമണം രൂക്ഷമായിട്ടുള്ളത്.കടലാക്രമണം രൂക്ഷമായതിനെത്തുടര്‍ന്ന്,കണ്ണൂര്‍ തയ്യിലില്‍ തീരപ്രദേശത്തുള്ളവരെ മാറ്റിപ്പാര്‍പ്പിക്കാന്‍ നടപടി തുടങ്ങി.



Sharing is Caring