മലയാളികളുടെ പ്രിയ ലാലേട്ടന്‍ കേരള ബ്ലാസ്റ്റേഴ്‌സിലേക്ക്

കൊച്ചി: മലയാളികളുടെ പ്രിയ ലാലേട്ടന്‍ കേരളത്തിന്റെ സ്വന്തം ഐഎസ്എല്‍ ടീമായ കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ ബ്രാന്‍ഡ് അംബാസഡറായേക്കുമെന്ന് സൂചനകള്‍. നേരത്തെയും ഇത് സംബന്ധിച്ച അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ഇന്ന് കൊച്ചിയില്‍ വെച്ച് നടക്കുന്ന ബ്ലാസ്റ്റേഴ്‌സിന്റെ ജേഴ്‌സി പ്രകാശനച്ചടങ്ങിലെ മുഖ്യ അതിഥിയായി മോഹന്‍ലാല്‍ എത്തും എന്നുള്ള വാര്‍ത്ത പുറത്ത് വന്നതോടെ ഇക്കാര്യത്തിലെ അഭ്യൂഹങ്ങള്‍ വര്‍ധിച്ചു.

മലയാളികള്‍ ഹൃദയത്തിലേറ്റിയ ഐഎസ്എല്‍ മാമാങ്കത്തിന് പന്തുരുളാന്‍ രണ്ട് ദിവസങ്ങള്‍ മാത്രമാണ് ബാക്കി. അങ്കത്തിന് മുമ്പ് കേരള ബ്ലാസ്റ്റേഴ്‌സില്‍ നിന്ന് സച്ചിന്‍ വിടപറഞ്ഞതോടെ ടീമിന് കനത്ത പ്രഹരമാണ് ഏറ്റത്. ഈ നിരാശയില്‍ നില്‍ക്കുന്ന ആരാധകര്‍ക്കും ബ്ലാസ്റ്റേഴ്‌സ് അംഗങ്ങള്‍ക്കും സന്തോഷവും ആവേശവും നല്‍കുന്ന വാര്‍ത്തയാണ് മോഹന്‍ലാല്‍ ബ്ലാസ്റ്റേഴ്സിലേക്ക് എത്തുന്നു എന്നത്.

സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ ടീം വിട്ടതോടെ ആരാധകരുടെ എണ്ണത്തിലുണ്ടായ ഇടിവ് നികത്താന്‍ മോഹന്‍ലാലിനെപ്പോലൊരു താരത്തെ ടീമുമായി സഹകരിപ്പിക്കണമെന്ന് ടീം മാനേജ്‌മെന്റ് നേരത്തെ തന്നെ തീരുമാനിച്ചിരുന്നതായാണ് വിവരം. 2016ല്‍ യുവതാരം നിവിന്‍ പോളി ബ്ലാസ്റ്റേഴ്‌സിന്റെ ബ്രാന്‍ഡ് അംബാസഡറായിരുന്നു. അത് കൊണ്ട് മോഹന്‍ലാല്‍ ഇത്തവണ ടീമിന്റെ ബ്രാന്‍ഡ് അംബാസഡറാവുകയാണെങ്കില്‍ മലയാള സിനിമാ നടന്മാരില്‍ നിന്ന് ഈ സ്ഥാനത്തെത്തുന്ന രണ്ടാമത്തെ സൂപ്പര്‍ സ്റ്റാറാവും അദ്ദേഹം.

മലയാളികള്‍ക്കിടയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള മോഹന്‍ലാല്‍ എത്തുന്നത് വഴി ബ്ലാസ്റ്റേഴ്‌സിന്റെ താരമൂല്യവും, ആരാധകരുടെ എണ്ണവും വര്‍ധിക്കും. എന്നാല്‍, ഇത് വരെ ഇക്കാര്യങ്ങളുമായി ബന്ധപ്പെട്ട ഔദ്യോഗിക വാര്‍ത്തകളൊന്നും ബ്ലാസ്റ്റേഴ്‌സ് അധികൃതര്‍ പുറത്ത് വിട്ടിട്ടില്ല.

അതേസമയം, അഞ്ചാം സീസണിലേക്കുള്ള കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ ഔദ്യോഗിക ജേഴ്‌സി പ്രകാശനം ഇന്ന് വൈകിട്ട് 6 മണിക്ക് കൊച്ചിയിലെ ബോള്‍ഗാട്ടിയിലുള്ള ഗ്രാന്‍ഡ് ഹയാത്തില്‍ വെച്ച് നടക്കും. മോഹന്‍ലാല്‍ മുഖ്യാതിഥി ആയെത്തുന്ന ഈ ചടങ്ങില്‍ ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് മാത്രമേ പ്രവേശനമുള്ളൂ.

സെപ്റ്റംബര്‍ 29ന് തുടങ്ങുന്ന ടൂര്‍ണമെന്റിന് ഇത്തവണ ആറ് മാസത്തോളം ദൈര്‍ഘ്യമുണ്ടാകും. 2019 മാര്‍ച്ച് പകുതിയോടെയാകും ഐഎസ്എല്‍ സമാപിക്കുക. ഇഎന്നാല്‍ തുടര്‍ച്ചയായി മത്സരങ്ങള്‍ ഉണ്ടാകില്ല എന്നതാകും ഇത്തവണത്തെ പ്രത്യേകത. മത്സരത്തിന് മൂന്ന് ഇടവേളകളുണ്ടാകും എന്ന പ്രത്യേകതയുമുണ്ട്.

ഇന്ത്യന്‍ ടീമിന്റെ രണ്ട് സൗഹൃദ മത്സരങ്ങള്‍ നടക്കുന്നതിനാല്‍ ഒക്ടോബറിലും നവംബറിലും ചെറിയ ഇടവേളയും അരങ്ങേറുന്ന എഎഫ്‌സി ഏഷ്യന്‍ കപ്പില്‍ ഇന്ത്യ കളിക്കുന്നതുമൂലം വലിയൊരു ഇടവേളയ്ക്കും ടൂര്‍ണമെന്റ് സാക്ഷ്യം വഹിക്കും. ഡിസംബര്‍ പകുതിയോടെ നിര്‍ത്തിവെക്കുന്ന ലീഗ് മത്സരങ്ങള്‍ പുനരാരംഭിക്കാന്‍ ഫെബ്രുവരി വരെ ആരാധകര്‍ കാത്തിരിക്കേണ്ടിവരും.അതെസമയം അഞ്ചാം സീസണില്‍ പുതിയ ടീമുകള്‍ക്ക് ഐഎസ്എല്‍ പ്രവേശനം സാധ്യമാകില്ല.

ഐഎസ്എല്‍ സംഘാടകരായ ഫുട്‌ബോള്‍ സ്‌പോര്‍ട്‌സ് ഡവലപ്‌മെന്റ് ലിമിറ്റഡ് ഈ വര്‍ഷം പുതിയ ടീമുകളെ ക്ഷണിക്കേണ്ട എന്നാണ് തീരുമാനിച്ചിരിക്കുന്നത്. ഇതോടെ കൊല്‍ക്കത്ത വമ്പന്‍മാരായ ഈസ്റ്റ് ബംഗളിന്റെ ഐഎസ്എല്‍ മോഹങ്ങള്‍ക്ക് ഈ സീസണില്‍ മങ്ങലേറ്റു. കഴിഞ്ഞ വര്‍ഷം നടന്ന സൂപ്പര്‍ കപ്പില്‍ രണ്ടാമതെത്താന്‍ ഈസ്റ്റ് ബംഗാളിന് കഴിഞ്ഞിരുന്നു. ഇതോടെ ടീമിലേക്ക് വലിയ നിക്ഷേപമാണ് എത്തിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *