മലപ്പുറം ചങ്ങരംകുളത്ത് തോണിമറിഞ്ഞ് ആറുപേര്‍ മരിച്ചു; മൂന്നുപേരെ രക്ഷപ്പെടുത്തി

ചങ്ങരംകുളം നരണിപ്പുഴ കടുക്കുഴി കോളില്‍ തോണി മറിഞ്ഞ് ആറു കുട്ടികള്‍ മരിച്ചു. മൂന്നുപേരെ രക്ഷപ്പെടുത്തി. ഒന്‍പത് പേരാണ് തോണിയിലുണ്ടായിരുന്നത്.

കടത്തുതോണിക്കാരനായ മാപ്പാലിക്കല്‍ വേലായുധന്റെ മകളും ബന്ധുക്കളുടെ മക്കളുമാണ് അപകടത്തില്‍പ്പെട്ടത്. വേലായുധന്റെ മകള്‍ വൈഷ്ണ(20), മാപ്പാലിക്കല്‍ പ്രകാശന്റെ മകള്‍ പ്രസീന എന്ന ചിന്നു(12), ദിവ്യയുടെ മകന്‍ ആദിദേവ്(എട്ട്), മാപ്പാലിക്കല്‍ ജയന്റെ മക്കളായ പൂജ എന്ന ചിന്നു (15), ജനീഷ(11), പനമ്പാട് സ്വദേശി നെല്ലിക്കല്‍ തറയില്‍ ശ്രീനിവാസന്റെ മകന്‍ ആദിനാഥ് (14) എന്നിവരാണ് മരിച്ചത്.

ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് നാടിനെ നടുക്കിയ സംഭവം. വേലായുധന്‍, നെല്ലിക്കല്‍ തറയില്‍ ശ്രീനിവാസന്റെ മകള്‍ ശിവഖി, വെള്ളക്കടവില്‍ സുലൈമാന്റെ മകള്‍ ഫാത്തിമ എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. പരുക്കേറ്റ വേലായുധന്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.കായലില്‍ മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന ചെറിയ തോണി കരയില്‍നിന്ന് ഇരുന്നൂറ് മീറ്റര്‍ അകലെയാണ് മറിഞ്ഞത്. മത്സ്യബന്ധനത്തിന് മാത്രമാണ് ഇവിടെ തോണി ഉപയോഗിച്ചിരുന്നത്.

അവധിക്ക് വീട്ടിലെത്തിയ കുട്ടികളുമായി വേലായുധന്‍ തോണി സവാരിക്കിറങ്ങുകയായിരുന്നു. സമീപത്തുള്ള ബണ്ട് പൊട്ടിയുണ്ടായ ജലപ്രവാഹം കാണാന്‍ പോയതായിരുന്നു ഇവര്‍.

ഇതിനിടെയുണ്ടായ ചെറിയ കാറ്റില്‍ തോണി മറിയുകയായിരുന്നു. തോണി പുറപ്പെട്ടപ്പോള്‍ തന്നെ വളരെയധികം താഴ്ന്നിരുന്നതായും ഉടനെ തിരികെ വരാന്‍ ആവശ്യപ്പെട്ടതായും നാട്ടുകാര്‍ പറഞ്ഞു.

സംഭവം നടന്നയുടനെ നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്നു രക്ഷാപ്രവര്‍ത്തനം നടത്തി. കുട്ടികളെ മുഴുവന്‍ കരയ്‌ക്കെത്തിച്ചെങ്കിലും ആറുപേരുടെ ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹങ്ങള്‍ എടപ്പാളിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍. സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു.

അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ കലക്ടറെയും ജില്ലാ പൊലിസ് മേധാവിയെയും ചുമതലപ്പെടുത്തിയതായി കമ്മിഷന്‍ അംഗം കെ.മോഹന്‍കുമാര്‍ പറഞ്ഞു. അപകട കാരണങ്ങളെക്കുറിച്ച് മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം.

കുട്ടികളുടെ മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം ഒഴിവാക്കി ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹങ്ങള്‍ വിട്ടുനല്‍കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *