മലപ്പുറം ഉപതെരഞ്ഞെടുപ്പ്: പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും

മലപ്പുറം: ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. മൈക്ക് ഉപയോഗിച്ചുള്ള പ്രചാരണം പാടില്ലെങ്കിലും മൗന പ്രചാരണം നാളെയും നടക്കും. ഒരു മാസം നീണ്ടുനിന്ന പ്രചാരണം അവസാനിക്കുമ്പോള്‍ യു.ഡി.എഫ് ഏറെ മുന്നിലാണ്. സ്ഥാനാര്‍ഥിയെ നേരത്തേ പ്രഖ്യാപിച്ചതും മുന്നണി നേതാക്കള്‍ ഒറ്റക്കെട്ടായി പ്രചാരണത്തിനെത്തിയതും യു.ഡി.എഫിന് മുതല്‍ക്കൂട്ടായി. എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയുടെ പ്രചാരണം തുടക്കത്തില്‍ മന്ദഗതിയിലായിരുന്നെങ്കിലും അവസാനഘട്ടത്തില്‍ വി.എസും പിണറായിയും ഉള്‍പ്പെടെയുള്ളവരുടെ സാന്നിധ്യം ആവേശം കൂട്ടിയിട്ടുണ്ട്.

കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങളെ തുറന്നുകാട്ടിയ പ്രചാരണ തന്ത്രമാണ് യു.ഡി.എഫ് പയറ്റിയത്. ദേശീയ രാഷ്ട്രീയവും ബി.ജെ.പിയുടെ വര്‍ഗീയ ധ്രുവീകരണവും ചര്‍ച്ചയായി. എസ്.എസ്.എല്‍.സി പരീക്ഷ അട്ടിമറിയും മന്ത്രി എ.കെ ശശീന്ദ്രന്റെ രാജിയും ജിഷ്ണു പ്രണോയിയുടെ മാതാപിതാക്കള്‍ക്ക് നേരെയുണ്ടായ പൊലിസ് അതിക്രമവും പ്രചാരണക്കാലയളവില്‍ യു.ഡി.എഫിന് വീണുകിട്ടിയ വിഷയമായി. അരിയുള്‍പ്പെടെയുള്ള അവശ്യവസ്തുക്കളുടെ വിലക്കയറ്റമായിരുന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ഉള്‍പ്പെടെയുള്ളവര്‍ കുടുംബ യോഗങ്ങളില്‍ വിഷയമാക്കിയത്. യു.ഡി.എഫില്‍ മുന്‍പെങ്ങുമില്ലാത്ത ഐക്യമാണ് മലപ്പുറത്ത് പ്രകടമായത്. യു.ഡി.എഫില്‍നിന്ന് വേര്‍പിരിഞ്ഞുപോയ കേരളാ കോണ്‍ഗ്രസ്(എം) വിഭാഗവും കുഞ്ഞാലിക്കുട്ടിക്കായി സജീവമായി രംഗത്തുണ്ടായിരുന്നു.
ഫാസിസ്റ്റ് ഭീഷണി ചെറുക്കാന്‍ തങ്ങള്‍ക്ക് മാത്രമേ കഴിയൂയെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ഇടതുപക്ഷത്തിന്റെ മുഖ്യപ്രചാരണം. വി.എസും പിണറായിയും ഉള്‍പ്പെടെയുള്ളവര്‍ ബി.ജെ.പിയെയും കോണ്‍ഗ്രസിനെയും രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചത്. അതേസമയം, അവസാനഘട്ടത്തില്‍ ജിഷ്ണുവിന്റെ മാതാവിനു നേരെയുണ്ടായ പൊലിസ് മര്‍ദനം എല്‍.ഡി.എഫിനെ പ്രതിരോധത്തിലാക്കി. പി.ഡി.പി പിന്തുണ പ്രഖ്യാപിച്ചതും ക്ഷീണം ചെയ്യുമെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍.

ജയിച്ചാല്‍ മലപ്പുറത്തിന് ഒരു കേന്ദ്രമന്ത്രിയെ ലഭിക്കുമെന്ന കേന്ദ്ര നേതൃത്വത്തിന്റെ വാഗ്ദാനം ഉയര്‍ത്തിക്കാട്ടിയായിരുന്നു ബി.ജെ.പിയുടെ പ്രചാരണം. ദേശീയ, സംസ്ഥാന നേതാക്കള്‍ മണ്ഡലത്തില്‍ പ്രചാരണത്തിനെത്തിയെങ്കിലും പ്രതീക്ഷക്കൊത്ത മുന്നേറ്റമുണ്ടായില്ലെന്നാണ് വിലയിരുത്തല്‍.

Spread the love

Leave a Reply

Your email address will not be published. Required fields are marked *