മരിച്ചവരുടെ പട്ടികയില്‍ പോലും അച്ചന്റെ പേരില്ല : മരണാനന്തരമെങ്കിലും നടപടി പിന്‍വലിക്കണമെന്ന് മകന്‍ ഷമ്മി തിലകന്‍

കൊച്ചി: നടന്‍ തിലകനെതിരേ അഭിനേതാക്കളുടെ സംഘടനയായ അമ്മ മുമ്ബ് സ്വീകരിച്ച അച്ചടക്ക നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നടനും തിലകന്റെ മകനുമായ ഷമ്മി തിലകന്‍ അമ്മയ്ക്ക് കത്തയച്ചു. അമ്മയുടെ സുവനീറില്‍ മരിച്ചവരുടെ പട്ടികയില്‍ പോലും തിലകന്റെ പേര് ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് ഷമ്മി തിലകന്‍ ആരോപിക്കുന്നു. മോഹന്‍ലാലിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയില്‍ തനിക്ക് പ്രതീക്ഷയുണ്ടെന്നും ഷമ്മി തിലകന്‍ കത്തില്‍ പറയുന്നു.

ജനറല്‍ ബോഡിക്കുള്ള അറിയിപ്പിനൊപ്പം മരണപ്പെട്ടവരുടെ ലിസ്റ്റ് ഉണ്ടാകും. അച്ഛന്‍ മരിച്ച കാലഘട്ടത്തിലേയും എല്ലാവരുടെയും പേര് അതില്‍ ഉണ്ട്. അച്ഛന്റെ മാത്രം ഇല്ല. അച്ഛന്‍ മരിച്ചു എന്നത് സത്യമാണ്. ഞാന്‍ അദ്ദേഹത്തിന് കര്‍മം ചെയ്ത ആളാണ്. അതുകൊണ്ട് ലിസ്റ്റില്‍ പേരില്ല എന്നത് കൊണ്ട് ആ സത്യം സത്യമല്ലാതാകുന്നില്ല. ആ ഒരു വിഷമം ഉണ്ട്. അതുകൊണ്ട് ജനറല്‍ ബോഡിയില്‍ ഞാന്‍ പങ്കെടുക്കാറില്ല’. ഷമ്മി തിലകന്‍ പറഞ്ഞു.അതേസമയം ‘അമ്മ’യില്‍ നടക്കുന്ന ജനാധിപത്യ ലംഘനങ്ങളെക്കുറിച്ച്‌ 2010ല്‍ തിലകന്‍ മോഹന്‍ലാലിന് എഴുതിയ കത്ത് കഴിഞ്ഞ ദിവസം തിലകന്റെ മകള്‍ പുറത്തു വിട്ടത് വലിയ ചര്‍ച്ചക്ക് വഴി വച്ചിരുന്നു. ദിലീപിനോട് സംഘടന കാണിച്ച പരിഗണന അച്ഛന് ലഭിച്ചില്ലെന്ന് മകള്‍ സോണിയ തിലകന്‍ ‘മാതൃഭൂമി ന്യൂസി’നോട് പറഞ്ഞു.

അംഗങ്ങളുടെ അവകാശം ചവിട്ടി മെതിക്കുമ്പോള്‍ ‘അമ്മ’യുടെ മൗനം അക്ഷന്തവ്യമായ തെറ്റാണെന്ന് ജനാധിപത്യ മര്യാദകളുടെ ലംഘനം ന്യായീകരിക്കുന്ന സംഘടനയാണ് ‘അമ്മ’യെന്നും കത്തില്‍ തിലകന്‍ കുറ്റപ്പെടുത്തുന്നുണ്ട്.അച്ചടക്ക പ്രശ്നം ചൂണ്ടിക്കാട്ടിയാണ് ഒരു കേസിലും ഉള്‍പ്പെടാത്ത തിലകനെ അന്ന് പുറത്താക്കിയതെങ്കില്‍ അമ്മ സംഘടനയിലെ തന്നെ അംഗത്തിനെതിരേ കുറ്റകൃത്യം നടത്തിയതിന്റെ പേരിലായിരുന്നു നടന്‍ ദിലീപിനെ പുറത്താക്കിയത്. എന്നാല്‍ വിധി വരും മുമ്ബെയാണ് ഇതേ നടനെ സംഘടന തിരിച്ചെടുത്തിരിക്കുന്നത്. ഇരയ്ക്കൊപ്പമെന്ന് പ്രഖ്യാപിച്ച ‘അമ്മ’ വേട്ടക്കാരനൊപ്പമാണെന്ന് സമൂഹമൊന്നടങ്കം ആക്ഷേപിക്കുന്നതിനിടെയാണ് തിലകന്‍ വിഷയത്തില്‍ ‘അമ്മ’ പ്രതികരിച്ച രീതിയും തിലകനെഴുതിയ കത്തും കഴിഞ്ഞ ദിവസം ചര്‍ച്ചയായത്.

മലയാള സിനിമയുടെ കോടാലിയാണ് സംഘടനയായ ‘അമ്മ’ എന്ന് തിലകന്‍ നടത്തിയ പ്രസ്താവനയാണ് അദ്ദേഹത്തിനെതിരേ കര്‍ശന നടപടിയെടുക്കാന്‍ കാരണമായി അന്ന് ചൂണ്ടിക്കാട്ടിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *