മരട് കേസിൽ ചീഫ് സെക്രട്ടറിക്ക് സുപ്രീംകോടതിയുടെ രൂക്ഷവിമർശനവും ശകാരവും

ദില്ലി: മരട് കേസിൽ ചീഫ് സെക്രട്ടറി ടോം ജോസിന് സുപ്രീംകോടതിയുടെ രൂക്ഷവിമർശനവും ശകാരവും. നിയമലംഘനത്തിനെ സർക്കാർ പിന്തുണയ്ക്കുകയാണോ? എന്താണീ ഉദ്യോഗസ്ഥർ ചെയ്യുന്നത്? കേരളത്തിലുണ്ടായ പ്രളയത്തെക്കുറിച്ച് അറിയില്ലേ? ഇവിടെയുള്ള ആളുകളെ കൃത്യമായി പുനരധിവസിപ്പിക്കുക പോലും ചെയ്തിട്ടില്ലെന്നും കോടതി രൂക്ഷവിമർശനമുയർത്തി. കേസിൽ വിശദമായ ഉത്തരവുണ്ടാകുമെന്നും കോടതി വ്യക്തമാക്കി.

സർക്കാരിന് സുപ്രീംകോടതിയുടെ ഉത്തരവ് പാലിക്കാനുള്ള ഒരു മനസ്സുമില്ലെന്ന് ജസ്റ്റിസ് അരുൺ മിശ്ര വ്യക്തമാക്കി. ഇത് സത്യവാങ്മൂലത്തിൽ വ്യക്തമാണ്. കേരളത്തിലുണ്ടായ പ്രളയത്തിൽ രാജ്യം മുഴുവൻ ഒറ്റക്കെട്ടായി സംസ്ഥാനത്തിനൊപ്പം നിന്നു. സുപ്രീംകോടതിയടക്കം കേരളത്തിനൊപ്പം നിന്നു, സഹായം നൽകി. എന്നിട്ടും കേരളം പഠിക്കുന്നില്ലെന്ന് ജസ്റ്റിസ് അരുൺ മിശ്രയുടെ ശകാരം.

കേസ് പരിഗണിച്ച ഉടൻ ചീഫ് സെക്രട്ടറി എവിടെ, വിളിക്കൂ, എന്ന് ജസ്റ്റിസ് അരുൺ മിശ്ര ആവശ്യപ്പെട്ടു. ചീഫ് സെക്രട്ടറിക്കൊപ്പം അഡീഷണൽ ചീഫ് സെക്രട്ടറി ഉഷാ ടൈറ്റസും കോടതിയിൽ ഹാജരായിരുന്നു. എത്ര സമയം വേണം ഫ്ലാറ്റുകൾ പൊളിക്കാൻ എന്ന് കോടതി ചീഫ് സെക്രട്ടറിയോട് വിശദീകരണം തേടി. നിയമലംഘനം സംരക്ഷിക്കുകയാണോ കേരളമെന്ന് കോടതി ചോദിച്ചു. കേരളത്തിന്‍റെ നിലപാടിൽ ഞെട്ടൽ തോന്നുന്നുവെന്നുമാണ് കോടതി പറഞ്ഞത്.

”ഈ ഫ്ലാറ്റിലുള്ള 343 കുടുംബങ്ങളെയെങ്കിലും രക്ഷിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. ഇതാണ് സമീപനമെങ്കിൽ ഗുരുതരമായിരിക്കും സ്ഥിതി. ഉത്തരവിറക്കി മൂന്ന് മാസമായി കേരളം ഒന്നും ചെയ്തില്ല”, എന്ന് ജസ്റ്റിസ് അരുൺ മിശ്ര.

ഇന്ന് തന്നെ കേസിൽ ഉത്തരവിറക്കാനാണ് ജസ്റ്റിസ് അരുൺ മിശ്ര തീരുമാനിച്ചത്. എന്നാൽ ദയവ് ചെയ്ത് ഉത്തരവ് വെള്ളിയാഴ്ചത്തേക്ക് മാറ്റണമെന്ന് സർക്കാരിന് വേണ്ടി ഹാജരായ ഹരീഷ് സാൽവേ അഭ്യർത്ഥിച്ചു. ഇത് പരിഗണിച്ച് വിശദമായ ഉത്തരവ് വെള്ളിയാഴ്ച പറയുമെന്ന് ജസ്റ്റിസ് അരുൺ മിശ്ര വ്യക്തമാക്കി.

സുപ്രീംകോടതിയുടെ രൂക്ഷവിമർശനത്തിൽ പ്രതികരിക്കാനില്ലെന്നാണ് ചീഫ് സെക്രട്ടറി പ്രതികരിച്ചത്. സുപ്രീംകോടതിയുടെ വിധി വരട്ടെ, അതിന് ശേഷമേ പ്രതികരിക്കൂ. സുപ്രീംകോടതിയുടെ ഉത്തരവ് പാലിക്കാൻ സർക്കാർ ബാധ്യസ്ഥരാണെന്നും ചീഫ് സെക്രട്ടറി കോടതി നടപടികൾ പൂർത്തിയാക്കി കേരളാ ഹൗസിലെത്തിയപ്പോൾ പ്രതികരിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *