മയക്കുമരുന്ന് കേസിൽ തെന്നിന്ത്യൻ താരസുന്ദരി ചാർമിയടക്കം 15 തെലുങ്ക് സിനിമാ പ്രവർത്തകർക്ക് ചോദ്യം ചെയ്യാൻ ഹാജരാകാൻ നോട്ടീസ്.എക്സൈസ് വകുപ്പാണ് നോട്ടീസ് നൽകിയിരിക്കുന്നത്.
മയക്കുമരുന്നു മാഫിയയുമായി ഇവർക്ക് ബന്ധമുണ്ടെന്ന മൊഴിയെ തുടർന്നാണ് എക്സൈസ് വകുപ്പിന്റെ നോട്ടീസ്.തെലുങ്കിലെ ഹിറ്റ് സംവിധായകൻ പുരി ജഗന്നാഥ്,നടൻ രവി തേജ,പി നവനീത്,തരുൺ കുമാർ,എ ടാനിഷ്,പി സുബ്ബരാജു,നടി ചാർമി കൗർ,ഗായകൻ ആനന്ദകൃഷ്ണ നന്ദു,ആർട്ട് ഡയറക്ടർ ചിന്ന എൻ ധർമ്മറാവു എന്നിവരടങ്ങുന്ന താരനിരയോടാണ് ചോദ്യം ചെയ്യാൻ ഹാജരാകാൻ നിർദേശിച്ചിരിക്കുന്നത്.

ജൂലൈ 19നും 27നുമായി ഹാജരാകാനാണ് ഇവരോട് പ്രത്യേക അന്വേഷണ സംഘം ആവശ്യപ്പെട്ടിരിക്കുന്നത്..മയക്കുമരുന്നു കടത്തുമായി ബന്ധപ്പെട്ട് അറസ്റ്റു ചെയ്യപ്പെട്ട 12 പേരുടെ കുറ്റസമ്മത മൊഴിയാണ് സിനിമാ താരങ്ങളെ കുരുക്കിയത്.താരങ്ങൾക്കെതിരെ വ്യക്തമായ തെളിവുകൾ ലഭിച്ചിട്ടില്ലെങ്കിലും ചോദ്യം ചെയ്യലിന് ഹാജരാകേണ്ടി വരും.
നേരത്തെ പ്രൊഡ്യൂസർ അല്ലു അരവിന്ദ് താരങ്ങളുടെ മയക്കുമരുന്നു മാഫിയയുമായുളള ബന്ധത്തിനെതിരെ രംഗത്തു വന്നിരുന്നു.തെലുങ്കിലെ 10 യുവതാരങ്ങൾ മയക്കുമരുന്നിനടിമയാണെന്നും ഇവർ തെലുങ്ക് സിനിമാലോകത്തിന് മാനക്കേടാണെന്നും അല്ലു അരവിന്ദ് വെളിപ്പെടുത്തിയിരുന്നു.













