മയക്കുമരുന്നു വേട്ട; കൊച്ചി രഹസ്യ പുതുവത്സര പാര്‍ട്ടികളുടെ കേന്ദ്രമാകാന്‍ സാധ്യതയെന്ന് പോലീസ്


ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങള്‍ കണക്കിലെടുത്ത് കൊച്ചിയിലേക്ക് വന്‍ തോതില്‍ മയക്കുമരുന്ന കടത്താന്‍ ശ്രമിച്ച രണ്ട് പേരെ കൊച്ചി പോലീസ് പിടികൂടി. ഇവരില്‍ നിന്നും മുന്നൂറിലധികം മയക്കു മരുന്ന് ആംപ്യൂളുകളും മുപ്പതോളം നൈട്രോ സെപാം ഗുളികകളും കണ്ടെടുത്തു. ഗോവയിലും ബാംഗ്ലൂരിലും പോലീസ് റേവ് പാര്‍ട്ടികള്‍ക്ക് കര്‍ശന നിയന്ത്രണം കൊണ്ടു വന്നതോടെ കൊച്ചി അത്തരക്കാരുടെ പുതിയ കേന്ദ്രമായിത്തീരാന്‍ സാധ്യതയുണ്ടെന്ന് രഹസ്യ വിവരം ലഭിച്ചതായി പോലീസ് പോലീസ് പറഞ്ഞു.കന്യാകുമാരി സ്വദേശി കുളച്ച മണി എന്ന മണികണ്ഠന്‍ നാഗര്‍കോവില്‍ സ്വദേശി സുരേഷ് എന്നിവരേയാണ് കൊച്ചി സിറ്റി ഷാഡോ പോലീസും സെന്‍ട്രല്‍ പോലീസും സംയുക്തമായി നടത്തിയ തിരച്ചിലില്‍ പിടികൂടിയത്. രഹസ്യ റേവ് പാര്‍ട്ടികള്‍ നേരിടാന്‍ ക്രൈം ഡിറ്റാച്ച്‌മെന്റ് എസിപി ബിജി ജോര്‍ജ്ജിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം പത്തുമുതല്‍ ജനുവരി പത്തുവരെ ഓപ്പറേഷന്‍ ഡസ്റ്റര്‍ എന്ന പേരില്‍ റെയ്ഡുകള്‍ നടത്താന്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി നടത്തിയ തിരച്ചിലിലാണ് വന്‍ മയക്കുമരുന്ന് ശേഖരം പിടികൂടിയത്.


കാന്‍സര്‍ രോഗികള്‍ക്ക് വേദന സംഹാരിയായി ഉപയോഗിക്കുന്ന ബ്യൂപിനോര്‍ഫിന്‍ ആംപ്യൂളുകളാണ് പോലീസ് പിടികൂടിയത്. കര്‍ശന വ്യവസ്ഥകളോടെയാണ് ഇവ കേരളത്തില്‍ വില്‍ക്കുന്നത്. ഡല്‍ഹിയില്‍ നിന്നും ഒരെണ്ണത്തിന് 30 രൂപ നിരക്കില്‍ ശേഖരിക്കുന്ന ആംപ്യൂളുകളാണ് ട്രെയിന്‍ മാര്‍ഗം കേരളത്തില്‍ എത്തിച്ചത്. ഒന്നിന് 500 രൂപ നിരക്കിലാണ് ഇവ വില്പന നടത്തുന്നതെന്നും പോലീസ് വ്യക്തമാക്കി.




Sharing is Caring