മന്ത്രി തോമസ് ചാണ്ടിയുടെ റിസോര്‍ട്ട്: കാണാതായ ഫയല്‍ കണ്ടെത്തി

മന്ത്രി തോമസ് ചാണ്ടിയുടെ റിസോര്‍ട്ടിന് അനുമതി നല്‍കിയതിന്റെ വിവരങ്ങള്‍ ഉള്‍പ്പെട്ട കാണാതായ ഫയലുകളില്‍ ഒന്ന് കണ്ടെത്തി. റിസോര്‍ട്ടിലെ പതിനെട്ട് കെട്ടിടങ്ങളുടെ നമ്ബരുകളും അവയ്ക്ക് അനുമതി നല്‍കിയ വിവരങ്ങളും അടങ്ങിയ സുപ്രധാന ഫയലാണ് കണ്ടെത്തിയത്. റിസോര്‍ട്ടുമായി ബന്ധപ്പെട്ട ഫയലുകള്‍ ആലപ്പുഴ നഗരസഭയില്‍നിന്ന് കാണാതായത് വിവാദം സൃഷ്ടിച്ചിരുന്നു. ഇതേതുടര്‍ന്ന് റിസോര്‍ട്ടിന്റെ ഫയലുകള്‍ കൈകാര്യം ചെയ്തിരുന്ന ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയിരുന്നു.
തിങ്കളാഴ്ച ഉച്ചയോടെയാണ് നഗരസഭയിലെ ഒഴിഞ്ഞ അലമാരയില്‍ ഫയല്‍ കണ്ടെത്തിയത്. മൂന്നുഫയലുകള്‍ കൂടി ഇനി കണ്ടെത്താനുണ്ട്. ഇത്രയും ദിവസം അന്വേഷിച്ചിട്ടും ഫയലുകള്‍ കണ്ടെത്താതിരിക്കുകയും ഒഴിഞ്ഞ അലമാരയില്‍ ഈ ഫയല്‍ മാത്രം കണ്ടെത്തുകയും ചെയ്തതില്‍ ദുരൂഹതയുണ്ടെന്ന വിലയിരുത്തലിലാണ് അധികൃതര്‍. ഫയല്‍ ആരെങ്കിലും കൊണ്ടുവച്ചതാകാമെന്നും സംശയമുണ്ട്.
അതേസമയം ഇന്ന് കണ്ടെത്തിയ ഫയല്‍ പരിശോധിച്ചതില്‍ നിന്ന് റിസോര്‍ട്ടിലെ കെട്ടിടങ്ങള്‍ക്ക് അനുമതി നല്‍കിയതില്‍ ക്രമക്കേടുകളൊന്നും കണ്ടെത്താനായില്ലെന്നാണ് നഗരസഭാ അധ്യക്ഷന്‍ പറയുന്നത്. റിസോര്‍ട്ടില്‍ ആകെ 34 കെട്ടിടങ്ങളാണ് ഉള്ളത്. ഇതില്‍ 16 കെട്ടിടങ്ങള്‍ക്ക് അനുമതി നല്‍കിയ വിവരങ്ങളുള്ള ഫയലുകള്‍ കൂടി കണ്ടെത്തേണ്ടതായുണ്ട്. ഇത് കണ്ടെത്താനുള്ള ശ്രമത്തിലാണ് നഗരസഭയിപ്പോള്‍.
1999 ലാണ് കെട്ടിടങ്ങള്‍ നിര്‍മിക്കാനുള്ള അപേക്ഷ നല്‍കിയിട്ടുള്ളത്. 2001-2002 കാലഘട്ടത്തില്‍ കെട്ടിടങ്ങള്‍ക്ക് നികുതിയും അടച്ചിട്ടുണ്ട്. അന്നുമുതല്‍ നഗരസഭ കെട്ടിടങ്ങള്‍ക്ക് നികുതി സ്വീകരിക്കുന്നുമുണ്ട്. അതേസമയം ഫയലില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ പരിശോധിച്ചാല്‍ കായല്‍ കയ്യേറിയിട്ടുണ്ടോയെന്ന് കണ്ടെത്താന്‍ സാധിക്കില്ലെന്നാണ് നഗരസഭാ അധ്യക്ഷന്‍ പറയുന്നത്. ലഭിച്ച ഫയലില്‍ നിന്ന് റിസോര്‍ട്ടു നിര്‍മാണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭിക്കുമെന്നതിനാല്‍ സുപ്രധാനമായ രേഖയാണ് കണ്ടെത്തിയിട്ടുള്ളത് എന്ന നിഗമനത്തിലാണ് അധികൃതര്‍.

Spread the love

Leave a Reply

Your email address will not be published. Required fields are marked *