മന്ത്രിസഭാ യോഗങ്ങളില്‍ മൊബൈല്‍ ഉപയോഗിക്കരുത്: മോദി


മന്ത്രിസഭാ യോഗങ്ങളില്‍ മന്ത്രിമാര്‍ മൊബൈല്‍ ഫോണുകള്‍ കൊണ്ടുവരരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദ്ദേശം. നിര്‍ണ്ണായക വിവരങ്ങള്‍ ചോരാതിരിക്കാന്‍ വേണ്ടിയാണ് തീരുമാനം. മന്ത്രിമാരുടെ മൊബൈലുകള്‍ ഹാക്ക് ചെയ്യപ്പെട്ടേക്കാമെന്ന രഹസ്യന്വേഷണ വിഭാഗത്തിന്റെ അറിയിപ്പ് നേരത്തെ ലഭിച്ചിരുന്നു അതിന്റെ ആശങ്കയും സര്‍ക്കാരിനുണ്ട്.


മന്ത്രിസഭായോഗങ്ങള്‍, ഉപസമിതിയോഗങ്ങള്‍ തുടങ്ങിയവയില്‍ മൊബൈലുകള്‍ കൊണ്ടുവരുന്നത് വിലക്കിയിട്ടുണ്ട്. എന്നാല്‍ ഈ നിര്‍ദ്ദേശം കേന്ദ്രസര്‍ക്കാര്‍ സര്‍ക്കുലറായി ഇറക്കിയതായി പ്രമുഖ ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. കാബിനറ്റ് സെക്രട്ടേറിയറ്റിന്റെ സര്‍ക്കുലര്‍ എല്ലാ മന്ത്രിമാരുടെയും പ്രൈവറ്റ് സെക്രട്ടറിമാര്‍ക്കാണ് അയച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ മന്ത്രിമാരെ ബോധവല്‍ക്കരിക്കണമെന്നാണ് അവര്‍ക്കു നല്‍കിയിരിക്കുന്ന നിര്‍ദേശം.


ബ്രിട്ടനില്‍ മന്ത്രിസഭായോഗങ്ങളില്‍ മൊബൈല്‍ ഫോണിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഇതാദ്യമായാണ് ഭാരതത്തില്‍ മന്ത്രിസഭാ യോഗത്തില്‍ മൊബൈലിന് വിലക്കേര്‍പ്പെടുത്തുന്നത്.

അതേസമയം ഉറിയിലെ സൈനിക കേന്ദ്രത്തിലുണ്ടായ ഭീകരാക്രമണത്തെത്തുടര്‍ന്ന് നിയന്ത്രണ രേഖ മറികടന്ന് പാക്ക് അധിനിവേശ കശ്മീരില്‍ ഭാരതം നടത്തിയ മിന്നലാക്രമണത്തിന്റെ ബാക്കിപത്രമായി ഇന്ത്യന്‍ രഹസ്യങ്ങള്‍ ചോര്‍ത്താന്‍ വന്‍തോതില്‍ ശ്രമം നടക്കുന്നതായാണു റിപ്പോര്‍ട്ടുകള്‍.

പുറത്തുനിന്നുള്ള ഏജന്‍സികള്‍ക്കു സ്മാര്‍ട്ട്‌ഫോണുകല്‍ ഹാക്ക് ചെയ്ത് റെക്കോര്‍ഡിങ് നടത്തുകയോ മറ്റോ ചെയ്യാന്‍ കഴിയും. ഇതിലൂടെ നിര്‍ണായക വിവരങ്ങള്‍ ചോരാനുള്ള സാധ്യതയുണ്ടെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തത്.



Sharing is Caring