മന്ത്രിസംഘം 11, 12 തിയതികളില്‍ കുറിഞ്ഞി സങ്കേതം സന്ദര്‍ശിക്കും


വ്യാജ പട്ടയം സംബന്ധിച്ച തര്‍ക്കങ്ങള്‍ ചര്‍ച്ച ചെയ്ത് ഒത്തുതീര്‍ക്കാന്‍ മൂന്നംഗ മന്ത്രിസംഘം ഡിസംബര്‍ 11, 12 തിയതികളില്‍ ഇടുക്കി സന്ദര്‍ശിക്കും. 11 നു കുറിഞ്ഞി സങ്കേതം സന്ദര്‍ശിക്കുന്ന സംഘം 12 നു പട്ടയപ്രശ്‌നം ഉന്നയിക്കുന്നവരുമായി കൂടിക്കാഴ്ച നടത്തും.


റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍, വനം മന്ത്രി കെ. രാജു, വൈദ്യുതി മന്ത്രി എം.എം മണി എന്നിവരാണ് സംഘാംഗങ്ങള്‍. ജോയ്‌സ് ജോര്‍ജ് എം.പി ഉള്‍പെട്ട കോട്ടക്കമ്പൂര്‍ പട്ടയ വിവാദം ഉള്‍പെടെ വ്യാജ പട്ടയങ്ങള്‍ സംബന്ധിച്ച തര്‍ക്കങ്ങള്‍ ചര്‍ച്ച ചെയ്തു പരിഹരിക്കാന്‍ സംഘം ശ്രമിക്കും.


ഇടുക്കി ജില്ലയില്‍ 3,200 ഹെക്ടര്‍ സ്ഥലത്ത് നീലക്കുറിഞ്ഞി ഉദ്യാനം സ്ഥാപിക്കാന്‍ 2006ലാണ് പ്രാഥമിക വിജ്ഞാപനം പുറപ്പെടുവിച്ചത്. നിര്‍ദിഷ്ട പ്രദേശത്തെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ റവന്യൂ വകുപ്പ് ശ്രമിച്ചത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. വേണ്ടത്ര പരിശോധനകളില്ലാതെയും പ്രദേശവാസികളുടെ ആശങ്കകള്‍ കണക്കിലെടുക്കാതെയുമാണ് വിജ്ഞാപനം പുറപ്പെടുവിച്ചതെന്ന് ആരോപണം ഉയര്‍ന്നിരുന്നു.



Sharing is Caring