മന്ത്രിയുടെ വ്യാജപ്രൊഫൈല്‍ ഉണ്ടാക്കി പോളിടെക്‌നിക് പരീക്ഷ മാറ്റിയെന്ന് പ്രചരിപ്പിച്ചു; ഡിജിപിക്ക് പരാതി

ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദുവിന്റെ പേരില്‍ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി പോളിടെക്‌നിക് പരീക്ഷ മാറ്റിവെച്ചെന്ന പ്രചാരണം നടത്തിയ സംഭവത്തില്‍ മന്ത്രി സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി. ജൂലൈ 1 മുതല്‍ നടത്താനിരുന്ന പോളിടെക്‌നിക് ഒന്നു മുതല്‍ നാല് വരെയുള്ള സെമസ്റ്റര്‍ പരീക്ഷകള്‍ മാറ്റിവെച്ചെന്നായിരുന്നു മന്ത്രിയുടെ പേരില്‍ വ്യാജ പ്രചാരണം നടത്തിയത്. കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് പരാതി.

അതിനിടെ ആര്‍ ബിന്ദുവിന്റെ തെരഞ്ഞെടുപ്പ് വിജയം അസാധുവാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി നല്‍കി. ഇല്ലാത്ത പ്രൊഫസര്‍ പദവി പേരിനൊപ്പം ചേര്‍ത്ത് വോട്ടു തേടിയെന്ന് ആരോപിച്ചാണ് ഹര്‍ജി. ഇരിങ്ങാലക്കുടയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്നു തോമസ് ഉണ്ണിയാടനാണ് ഹര്‍ജി നല്‍കിയത്.
തൃശ്ശൂര്‍ കേരളവര്‍മ കോളേജില്‍ ഇംഗ്ലീഷ് വിഭാഗം അസോസിയേറ്റ് പ്രൊഫസറായ ആര്‍ ബിന്ദു മന്ത്രിയായി ചുമതലയേറ്റ ചടങ്ങില്‍ പ്രൊഫസര്‍ ആര്‍ ബിന്ദുവായ ഞാന്‍ എന്ന് സത്യപ്രതിജ്ഞാ വാചകം ആരംഭിച്ചത് മുന്‍പ് വിവാദമായിരുന്നു.
സ്ഥാനക്കയറ്റത്തിന് യുജിസി ഏര്‍പ്പെടുത്തിയ പ്രത്യേക മാനദണ്ഡങ്ങള്‍ പ്രകാരം കോളേജുകളില്‍ അസിസ്റ്റന്റ് പ്രൊഫസര്‍മാരും അസോസിയേറ്റ് പ്രൊഫസര്‍മാരും മാത്രമാണുള്ളത്. പ്രൊഫസര്‍മാരില്ല. ഈ സാഹചര്യത്തില്‍ പ്രൊഫസര്‍ എന്ന അവകാശവാദം തെറ്റാണെന്നായിരുന്നു വിമര്‍ശനം.

കേരളത്തില്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ് കോളേജധ്യാപക സ്ഥാനക്കയറ്റം നല്‍കുന്നതിനുള്ള മാനദണ്ഡങ്ങള്‍ പുതുക്കി കഴിഞ്ഞ ഫെബ്രുവരി 20-ന് ഉത്തരവിറക്കിയിട്ടുണ്ടെങ്കിലും പ്രൊഫസറായി സ്ഥാനക്കയറ്റം ലഭിച്ചുകഴിഞ്ഞിട്ടില്ലെന്നിരിക്കേ സത്യപ്രതിജ്ഞയില്‍ സ്വയം അങ്ങനെ വിശേഷിപ്പിച്ചത് നിയമനടപടിക്ക് കാരണമായേക്കുമെന്ന് നിരീക്ഷിക്കപ്പെട്ടിരുന്നു

Spread the love

Leave a Reply

Your email address will not be published. Required fields are marked *