മധ്യപ്രദേശില്‍ സമരം ചെയ്ത കര്‍ഷകരെ പോലീസ് സ്റ്റേഷനില്‍ വിവസ്ത്രരാക്കി മര്‍ദ്ദിച്ചു

തങ്ങളുടെ ആവശ്യങ്ങളുമായി സമരം ചെയ്ത കര്‍ഷകരെ ബിജെപി ഭരിക്കുന്ന മധ്യപ്രദേശില്‍ പോലീസ് വിവസ്ത്രാരാക്കി മര്‍ദ്ദിച്ചു. മണിക്കൂറുകളോളം അര്‍ധ നഗ്നരാക്കി പോലീസ് സ്റ്റേഷനില്‍ ഇരുത്തിയ കര്‍ഷകരെ സ്റ്റേഷനില്‍നിന്ന് പുറത്തിറങ്ങിയിട്ടാണ് വസ്ത്രം ധരിക്കാന്‍ പോലീസ് അനുവദിച്ചത്. കാര്‍ഷിക ലോണുമായി ബന്ധപ്പെട്ട് ഈ വര്‍ഷം ജൂണില്‍ നടന്ന കര്‍ഷക സമരത്തിനിടെയുണ്ടായ പോലീസ് വെടിവെപ്പില്‍ അഞ്ച് കര്‍ഷകര്‍ കൊല്ലപ്പെട്ട മധ്യപ്രദേശിലെ ബന്ദര്‍ഘണ്ഡിലാണ് സംഭവം.
കര്‍ഷകര്‍ അര്‍ധ നഗ്നരായി പോലീസ് സ്റ്റേഷനില്‍ ഇരിക്കുന്നതിന്റെയും വസ്ത്രം തോളിലട്ട് സ്‌റ്റേഷന് പുറത്ത് പോകുന്നതിന്റേയും ഫോട്ടോ കോണ്‍ഗ്രസ് പാര്‍ട്ടിയാണ് പുറത്തുവിട്ടത്. ജില്ലാ ഭരണകൂട കാര്യാലയത്തിനുമുന്നില്‍ തങ്ങളുടെ ആവശ്യങ്ങള്‍ ഉന്നയിച്ച് സമരം ചെയ്യുകയായിരുന്നു കര്‍ഷകര്‍. പോലീസ് സ്റ്റേഷനില്‍വെച്ച് തങ്ങളെ പോലീസ് മര്‍ദിച്ചതായും വസ്ത്രം അഴിപ്പിച്ചതായും കര്‍ഷകര്‍ പറഞ്ഞു. സമരത്തെ നേരിടാന്‍ പോലീസ് ലാത്തി വീശുകയും ടിയര്‍ ഗ്യാസ് പ്രയോഗിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത് കോണ്‍ഗ്രസ് അജണ്ഡയോടെയാണെന്നും പോലീസുകാര്‍ക്കെതിരെ കല്ലെറിഞ്ഞത് കൊണ്ടാണ് സമരക്കാരെ അറസ്റ്റ് ചെയ്തതെന്നുമാണ് മധ്യപ്രദേശ് സര്‍ക്കാര്‍ പറയുന്നത്. കോണ്‍ഗ്രസ് മനപ്പൂര്‍വ്വം പ്രശ്‌നങ്ങളുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നാണ് സംഭവത്തെകുറിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പ്രതികരിച്ചത്. സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷനെ സമീപിക്കുമെന്ന് കോണ്‍ഗ്രസും വിവസ്ത്രരാക്കിയതിനെകുറിച്ച് അന്വേഷിച്ച് നടപടിയെടുക്കുമെന്ന് മധ്യപ്രദേശ് അഭ്യന്തര മന്ത്രി ഭൂപേന്ദ്ര സിങും പറഞ്ഞു.
കാര്‍ഷിക ലോണുമായി ബന്ധപ്പെട്ട് ജൂണില്‍ ഇതേ സ്ഥലത്തുണ്ടായ കര്‍ഷക സമരത്തിലേക്ക് പോലീസ് വെടിവെച്ചതിനെ തുടര്‍ന്ന് അഞ്ച് കര്‍ഷകര്‍ കൊല്ലപ്പെട്ടിരുന്നു. 2016 ഫെബ്രുവരിക്കും 2017 ഫെബ്രുവരിക്കുമിടയില്‍ സംസ്ഥാനത്ത് 1982 കര്‍ഷകര്‍ മരിച്ചതായാണ് കണക്കുകള്‍. കഴിഞ്ഞ 16 വര്‍ഷത്തിനിടയില്‍ 21000 കര്‍ഷകര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *