മധുവിന്റെ കൊലപാതകം: ഹൈക്കോടതി അമിക്കസ്ക്യൂറിയെ നിയമിച്ചു


കൊച്ചി: പാലക്കാട് അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട മര്‍ദനത്തിനിരയായി കൊല്ലപ്പെട്ട മധുവിന്റെ മരണത്തില്‍ കോടതി അമിക്കസ്ക്യൂറിയെ നിയമിച്ചു. അന്വേഷണത്തില്‍ സര്‍ക്കാര്‍ 15 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണം. ഹൈക്കോടതി ജഡ്ജി നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് കേസ്.


മധുവിന്റെ മരണത്തില്‍ കോടതി സ്വമേധയ ഇടപെടണമെന്നും പരിശോധിച്ച്‌ നടപടി കെെകൊള്ളണമെന്നും ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിനാണ് കത്ത് നല്‍കിയിരുന്നത്. ചീഫ് ജസ്റ്റിസ് ഈ കത്ത് ഒരു പൊതുതാല്‍പര്യ ഹര്‍ജിയായി പരിഗണിക്കുകയായിരുന്നു. അഡ്വക്കേറ്റ് പി ദീപക്കിനെയാണ് അമിക്കസ്ക്യൂറിയായി കോടതി നിയമിച്ചിട്ടുള്ളത്.


അട്ടപ്പാടിയിലെ മധുവിന്റെ കൊലപാതകമടക്കമുള്ള വിഷയങ്ങള്‍ പരിശോധിച്ച്‌ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് അമിക്കസ്ക്യൂറിയോട് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യത്തില്‍ 15 ദിവസത്തിനുള്ളില്‍ സര്‍ക്കാര്‍ റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന് എന്ത് വിശദീകരണമാണ് നല്‍കാനുള്ളതെന്നും കോടതി ചോദിച്ചു.

കോടതി ഈ വിഷയത്തെ വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു. ക്രിമിനല്‍കുറ്റമാണ് നടന്നിരിക്കുന്നതെന്നും കോടതി നിരീക്ഷിച്ചു. ആദിവാസി ക്ഷേമ പദ്ധതികളുടെ കാര്യക്ഷമത ഉറപ്പാക്കണമെന്ന് കോടതി നിര്‍ദേശിച്ചു.



Sharing is Caring