മധുവിന്റെ കൊലപാതകം:എട്ടു പേര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി കുറ്റപത്രം

അഗളി: മോഷണകുറ്റം ചുമത്തി ആദിവാസി യുവാവ് മധുവിനെ മര്‍ദിച്ചു കൊന്ന കേസില്‍ എട്ടു പേര്‍ക്കെതിരെ കൊലപാതക കുറ്റം ചുമത്തി കേസെടുത്തു. കേസുമായി ബന്ധപ്പെട്ട് 16 പേരെയാണ് അറസ്റ്റ് ചെയ്തത്. രണ്ടാഴ്ചയ്ക്കുളളില്‍ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്ന് പോലീസ് പറഞ്ഞു.

മധുവിനെ മുക്കാലി-പൊട്ടിക്കല്‍ വനഭാഗത്തുള്ള ഗുഹയില്‍ നിന്ന് പിടികൂടി അവിടെ വെച്ചും പിന്നീട് മുക്കാലി കവലയില്‍വെച്ചും മര്‍ദിച്ചവര്‍ക്കെതിരെ മാത്രമാണ് കൊലപാതക കുറ്റം ചുമത്തുക. കേസില്‍ അറസ്റ്റിലായ മുക്കാലി മേച്ചേരിയില്‍ ഹുസൈന്‍, കിളയില്‍ മരയ്ക്കാര്‍, പൊതുവച്ചോലയില്‍ ഷംസുദീന്‍, താഴുശ്ശേരില്‍ രാധാകൃഷ്ണന്‍, വിരുത്തിയില്‍ നജീബ്, മണ്ണമ്ബറ്റിയില്‍ ജെയ്ജുമോന്‍, കരിക്കളില്‍ സിദ്ധിഖ്, പൊതുവച്ചോലയില്‍ അബൂബക്കര്‍ എന്നിവരാണ് മധുവിനെ മര്‍ദിച്ചതെന്നാണ് പോലീസ് കണ്ടെത്തല്‍.

ഇതില്‍ മേച്ചേരി ഹുസൈന്‍ മധുവിന്റെ നെഞ്ചില്‍ ചവിട്ടിയതാണ് മരണ കാരണമെന്നും കണ്ടെത്തിയിരുന്നു. ഇവര്‍ക്കെതിരെയാണ് കൊലപാതക കുറ്റം ചുമത്തുക. അറസ്റ്റിലായ മറ്റ് പ്രതികള്‍ മധുവിനെ മര്‍ദിച്ചിട്ടില്ലെന്നാണ് കണ്ടെത്തല്‍. മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും പിടികൂടാന്‍ പോയ സംഘത്തിനൊപ്പം ഇവര്‍ പോവുകയും ചെയ്തുവെന്നാണ് കണ്ടെത്തല്‍. എന്നാല്‍ ഇവര്‍ക്കെതിരെ പട്ടിക വര്‍ഗ പീഡന നിരോധന നിയമം, അനധികൃതമായി വനമേഖലയില്‍ കടക്കുക എന്നിവ ബാധകമാണെന്ന് പോലീസ് പറഞ്ഞു.

മധുവിനെ മര്‍ദിക്കുന്നത് പകര്‍ത്തിയ 5 മൊബൈല്‍ ഫോണുകള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് നല്‍കിയിരിക്കുകയാണ്. പരിശോധന ഫലം ഒരാഴ്ചയ്ക്കുള്ളില്‍ ലഭിക്കും. ഇതിനുശേഷമാകും കുറ്റപത്രം സമര്‍പ്പിക്കുക. കേസുമായി ബന്ധപ്പെട്ട് 70 സാക്ഷികളുടെ മൊഴിയെടുത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *