മധുവിനെ തല്ലിക്കൊല്ലാന്‍ ഒത്താശ ചെയ്തത് വനപാലകരെന്ന് കുടുംബം


പാലക്കാട്: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട ഭീകരതയ്ക്ക് ഇരയായി മധുവെന്ന ആദിവാസി യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ ഉദ്യോഗസ്ഥരുടെ പങ്ക് ശരിവച്ച്‌ കൂടുതല്‍ മൊഴികള്‍ പുറത്ത്. മധുവിനെ ആക്രമിക്കാന്‍ എല്ലാ സഹായങ്ങളും നല്‍കിയത് വനംവകുപ്പ് ഉദ്യോഗസ്ഥരാണെന്ന് സഹോദരി ചന്ദ്രിക ആരോപിച്ചു. ആദിവാസികള്‍ അല്ലാത്ത ആരെയും കാട്ടിനകത്തേക്ക് വനപാലകര്‍ പ്രവേശിപ്പിക്കാറില്ല. അല്ലെങ്കില്‍ തിരിച്ചറിയല്‍ രേഖ നല്‍കണം. എന്നാല്‍ ഇതൊന്നുമില്ലാതെയാണ് ഇരുപതോളം പേരെ വനംവകുപ്പ് അധികൃതര്‍ കാട്ടിലേക്ക് പ്രവേശിപ്പിച്ചത്. കാട്ടില്‍ കയറി മധുവിനെ ജനക്കൂട്ടത്തിന് കാണിച്ച്‌ കൊടുത്തതും വനംവകുപ്പ് ഉദ്യോഗസ്ഥരാണെന്നും സഹോദരി ആരോപിച്ചു.


പ്രദേശത്തെ കടകളില്‍ നിന്ന് അരിയും ഭക്ഷണ സാധനങ്ങളും മോഷ്ടിച്ചുവെന്ന് ആരോപിച്ച്‌ താമസ സ്ഥലമായ മല്ലീശ്വര മുടിയുടെ താഴ്വരയില്‍ നിന്നാണ് നാട്ടുകാര്‍ മധുവിനെ പിടികൂടിയത്. ഭക്ഷണം ഉണ്ടാക്കി കൊണ്ടിരിക്കുമ്ബോഴാണ് മധുവിനെ പിടിക്കുന്നത്. ഇതിന് ശേഷം ജനക്കൂട്ടം ഇയാളെ മാരകമായി തല്ലിച്ചതച്ചു. മധുവിനെ ആരവങ്ങളോടെയാണ് കാട്ടില്‍ നിന്നും കൊണ്ടുവന്നത്. ആള്‍ക്കൂട്ടത്തിന് അകമ്ബടിയായി വനംവകുപ്പിന്റെ ജീപ്പുമുണ്ടായിരുന്നു. ഉദ്യോഗസ്ഥര്‍ നോക്കിനില്‍ക്കെയാണ് ക്രൂരപീഡനം നടന്നത്. അടികൊണ്ട് തളര്‍ന്ന മധു വെള്ളം ചോദിച്ചപ്പോള്‍ ജനക്കൂട്ടം മൂക്കിലേക്ക് വെള്ളമൊഴിച്ച്‌ നല്‍കിയതായും ചന്ദ്രിക പറയുന്നു.


കാട്ടില്‍ പോയി പിടിക്കാന്‍ നിര്‍ദ്ദേശിച്ചത് പൊലീസ്. അടുത്തിടെ താവളത്ത് ഒരു കട കത്തിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ അവ്യക്തമായ ഒരു രൂപം മാത്രമാണ് പതിഞ്ഞത്. ഇത് മധുവാണെന്ന് ആരോപിച്ച്‌ വ്യാപാരികള്‍ പൊലീസില്‍ പരാതിപ്പെട്ടിരുന്നു. എന്നാല്‍ കാട്ടില്‍ കയറി മധുവിനെ പിടിച്ചു കൊണ്ടുവരാനാണ് പൊലീസ് ഇവരോട് പറഞ്ഞത്. തുടര്‍ന്നാണ് നാട്ടുകാര്‍ കഴിഞ്ഞ ദിവസം ഉച്ചയോടെ മല്ലീശ്വര മുടിയുടെ താഴ്വരയില്‍ നിന്നും മധുവിനെ പിടികൂടുന്നതെന്നും അട്ടപ്പാടി പ്രദേശത്തെ ലോക്കല്‍ വാട്സ്‌ആപ്പ് ഗ്രൂപ്പുകളില്‍ പ്രചരിക്കുന്ന ശബ്ദ സന്ദേശത്തില്‍ അവകാശപ്പെടുന്നു.



Sharing is Caring