മദ്യപിച്ച്‌ ലക്കുകെട്ട് സ്റ്റേഷന്‍ മാസ്റ്റര്‍, ട്രെയിന്‍ ഗതാഗതം താറുമാറായി


ട്രെയിനുകള്‍ വൈകുന്നതിന്റെ പേരില്‍ അല്ലെങ്കിലേ ചീത്തപ്പേരാണ് ഇന്ത്യന്‍ റെയില്‍വേക്ക്. അപ്പോഴാണ് ഡ്യൂട്ടിക്കിടെ ഒരു സ്റ്റേഷന്‍ മാസ്റ്റര്‍ ഒന്ന് ‘മിനുങ്ങി’യതോടെ ഒരു റൂട്ടിലെ ട്രെയിനുകള്‍ ഒന്നാകെ വൈകിയ വാര്‍ത്ത വരുന്നത്. സംഭവം യുപിയിലെ മുര്‍ഷദ്പൂരിലാണ്‌.


വെള്ളിയാഴ്ച്ച വൈകുന്നേരത്തോടെയാണ് സ്റ്റേഷന്‍ മാസ്റ്ററായ ദീപ് സിങ്ങിനെ ഡ്യൂട്ടിക്കിടെ പെട്ടെന്ന് കാണാതായി. തുടര്‍ന്നു നടത്തിയ തിരച്ചിലില്‍ മദ്യപിച്ച്‌ അബോധാവസ്ഥയില്‍ കിടക്കുന്ന ദീപ് സിങ്ങിനെ കണ്ടെത്തുകയായിരുന്നു. സ്റ്റേഷന്‍ മാസ്റ്റര്‍ പച്ചക്കൊടി കാണിക്കാതെ സ്റ്റേഷനില്‍ പ്രവേശിക്കാന്‍ കഴിയാതിരുന്ന ട്രെയിനുകള്‍ മുര്‍ഷദ്പൂരില്‍ നിര്‍ത്തിയിടാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു. ശേഷം പുതിയ സ്റ്റേഷന്‍ മാസ്റ്ററുള്‍പ്പെടെ അധിക സ്റ്റാഫിനെ സ്ഥലത്തെത്തിച്ചാണ് പ്രശ്‌നം പരിഹരിച്ചത്.


നിരവധി എക്‌സ്പ്രസ് ട്രെയിനുകളടക്കം കടന്നുപോകുന്ന തിരക്കുള്ള സ്റ്റേഷനിലെ സ്റ്റേഷന്‍ മാസ്റ്ററുടെ അനാസ്ഥ കാരണം നിരവധി ട്രെയിനുകളാണ് വൈകിയോടിയത്. മര്യാദയ്ക്കു നടക്കാന്‍ പോലും കഴിയാത്ത വിധത്തില്‍ മദ്യാസക്തനായിരുന്നു ദീപ്‌സിങ്ങ് എന്ന്‌ ദൃക്‌സാക്ഷികള്‍ വ്യക്തമാക്കി. വൈദ്യ പരിശോധനയില്‍ ദീപ് സിങ്ങിന്റെ ശരീരത്തില്‍ അമിതമായ തോതില്‍ മദ്യത്തിന്റെ അംശം കണ്ടെത്തി. സംഭവം വളരെ ഗൗരവതരമാണെന്നും ദീപ് സിങ്ങിനെതിരെ കര്‍ശന നടപടിയെടുക്കുമെന്നും പശ്ചിമ റെയില്‍വേ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ഉദ്യോഗസ്ഥരുടെ അലംഭാവം മൂലം ട്രെയിന്‍ ഗതാഗതം താറുമാറിലാകുന്നത് ഇതാദ്യമല്ല. 2016ല്‍ രാജസ്ഥാനിലെ സ്റ്റേഷന്‍ മാസ്റ്ററെ സമാന സംഭവത്തില്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു.



Sharing is Caring