മദ്യം ഇനി ഓണ്‍ലൈനില്‍ വാങ്ങാം; മദ്യവില്‍പ്പനയ്ക്കുള്ള മൊബൈല്‍ ആപ് ഒരുങ്ങുന്നു

ഓണ്‍ലൈന്‍ മദ്യവില്‍പ്പനയ്ക്കുള്ള മൊബൈല്‍ ആപ് തയ്യാറാകുന്നു. എറണാകുളത്തെ ഫെയർകോഡ് കമ്പനിയുമായാണ് സർക്കാരിന്‍റെ ചർച്ചകൾ പുരോഗമിക്കുന്നത്. കമ്പനിയുമായി ഇന്ന് സര്‍ക്കാര്‍ കരാർ ഒപ്പിട്ടേക്കും. സംസ്ഥാനത്തെ മദ്യശാലകൾ തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ തുറക്കാനാണ് സര്‍ക്കാര്‍ ആലോചന. 301 മദ്യക്കടകളും 598 ബാറുകളും 357 ബിയർ-വൈൻ പാർ‌ലറുകളും ഒരുമിച്ചു തുറക്കും. അപ്പോഴുണ്ടാകുന്ന തിരക്ക് നിയന്ത്രിക്കാനാണ് മൊബൈൽ ആപ് തയാറാക്കുന്നത്. സംസ്ഥാന ഐ.ടി മിഷനായിരുന്നു ആപ്പ് തെരഞ്ഞെടുക്കാനുള്ള ചുമതല. അവസാന റൗണ്ടിൽ വന്ന അഞ്ചു സ്റ്റാർട് അപ്പുകളിൽ നിന്നാണ് എറണാകുളത്തെ ഫെയർകോഡിനെ തെരഞ്ഞെടുത്തത്.

ഇവരുടെ സാങ്കേതിക വിദ്യ ലളിതവും ഫലപ്രദവുമാണെന്നാണ് വിലയിരുത്തൽ. എക്സൈസ് കമ്മിഷണർ ആനന്ദകൃഷ്ണനും ബിവറേജസ് കോർപ്പറേഷൻ എം.ഡി സ്പർജൻ കുമാറുമാണ് കമ്പനി പ്രതിനിധികളുമായി ചർച്ച നടത്തിയത്. എന്നാൽ സാങ്കേതികമായ ചില കാര്യങ്ങള്‍ കൂടി പരിഹരിക്കാനുണ്ട്. ഇക്കാര്യത്തില്‍ ഇന്ന് വീണ്ടും ചര്‍ച്ചയുണ്ടാകും. എത്രയും വേഗം ആപ് തയാറാക്കി കൈമാറാനാണ് നിർദേശം.

ബെവ്കോ ഷോപ്പുകളിലെ തിരക്കൊഴിവാക്കാൻ വേണ്ടിയാണ് ബാറുകളിലെ കൗണ്ടറുകളിലൂടെയും പാഴ്സലായി മദ്യം നൽകാന്‍ തീരുമാനിച്ച് അബ്കാരി ചട്ടത്തിൽ ഭേദഗതി വരുത്തിയത്. മദ്യം വാങ്ങാനുള്ള ഇ-ടോക്കണുകൾ മൊബൈൽ ആപ്ലിക്കേഷനിലൂടെ നൽകും. അനുവദിക്കപ്പെടുന്ന സമയത്ത് ഔട്ട്ലെറ്റുകളിലോ ബാറിലോ പോയി മദ്യം വാങ്ങാം. ടോക്കണിലെ ക്യൂആർ കോഡ്‌ സ്കാൻ ചെയ്തശേഷം മദ്യം നൽകും. പണം ഒൌട്ട് ലെറ്റിലാണ് അടയ്ക്കേണ്ടത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *