ജനറല്‍ വുമണ്‍സ് യൂണിയന് ചെയര്‍വുമണ്‍ ശൈഖ ഫാത്തിമ ബിന്‍ മുബാറഖിനോടുള്ള ആദരസൂചകമായി വിനോദ സഞ്ചാര സാംസ്കാരിക വകുപ്പ് സംഘടിപ്പിക്കുന്ന മേള 12 ദിവസം നീണ്ട് നില്ക്കും. മാര്‍ച്ച് 14 മുതല്‍ 21 വരെ നടക്കുന്ന ലോക സ്പെഷ്യല്‍ ഒളിമ്ബിസ്കുമായി ചേര്‍ന്ന് നിരവധി പ്രത്യേകതയോടെയാണ് ഇത്തവണ മദര്‍ ഓഫ് ദി നേഷന്‍ മേള നടക്കുക. ഇതോടെ 192 രാജ്യങ്ങളില്‍ നിന്നുള്ള 7500 ഓളം നിശ്ചയദാര്‍ഢ്യക്കാരായ കായിക താരങ്ങള്‍ അണിനിരക്കുന്ന മേളകൂടിയാവും മദര്‍ ഓഫ് ദി നേഷന്‍. ശാക്തീകരണം, സംരക്ഷണം, സഹകരണം, സുസ്ഥിരത തുടങ്ങി ശൈഖ ഫാത്തിമ മുറുകെപ്പിടിച്ച് മൂല്യങ്ങള്‍ പ്രതിഫലിക്കുന്ന പരിപാടികളാണ് മേളയില്‍ സംഘടിപ്പിക്കുക. സഹിഷ്ണുതാ വര്‍ഷാചരണത്തിന്റെ ഭാഗമായുള്ള പ്രത്യേക പരിപാടികളും മേളക്ക് മാറ്റ് കൂട്ടും. അബുദാബി കോര്‍ണിഷില്‍ കിലോമീറ്ററുകള്‍ നീളുന്ന ആഘോഷ നഗരിയില്‍ മാതാവും കുട്ടിയും തമ്മിലുള്ള ബന്ധത്തിന്റെ ഊഷ്മളത പങ്ക് വെക്കുന്ന പ്രത്യേക കലാ സാംസ്കാരിക പരിപാടികള്‍, കുട്ടികള്‍ക്കായി ശില്പശാലകള്, നൃത്ത സംഗീത പരിപാടികള്‍ എന്നിവയെല്ലാം സംഘടിപ്പിക്കും. സ്പെഷ്യല്‍ ഒളിമ്ബിക്സിനായി പ്രത്യേകം തയ്യാറാക്കിയ വേദിയിലും മദര്‍ ഓഫ് നേഷന്‍ പരിപാടികള്‍ അരങ്ങേറും. നിരവധി ഇന്‍ഡോര്‍ കായിക ഇനങ്ങള്‍ക്ക് പുറമെ ഇ ഗെയിമുകളും ഇവിടെ നടക്കും. മിഡിലീസ്റ്റില്‍ ആദ്യമായെത്തുന്ന സര്‍ക്യു ഡു സൊലൈല്‍ എന്ന ലോകപ്രശസ്ത സര്‍ക്കസ് സംഘത്തിന്റെ അഭ്യാസപ്രകടനങ്ങള്‍ മേളയുടെ ഭാഗമാവുന്നുവെന്ന പ്രത്യേകതയും ഇത്തവണയുണ്ട്












