മത്സ്യബന്ധന വള്ളം മറിഞ്ഞ് ഒരാള്‍ മരിച്ചു, ഒരാളെ കാണാനില്ല, അഞ്ചുപേര്‍ക്ക് പരുക്ക്


ഓച്ചിറ അഴീക്കലില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞ് ഒരാള്‍ മരിക്കുകയും മറ്റൊരാളെ കാണാതാവുകയും ചെയ്തു. അപകടത്തില്‍ അഞ്ചു പേര്‍ക്ക് പരുക്കേറ്റു. വിമുക്ത ഭടനും മത്സ്യബന്ധന തൊഴിലാളിയുമായ കല്ലുംമൂട്ടികടവ് പാലപ്പള്ളില്‍ മനോജാ(45)ണ് മരിച്ചത്.


മംഗലത്ത് അനില്‍കുമാറി(42)നെയാണ് കാണാതായത്. ചിഞ്ചേഷ്, രാജേഷ്, ബാഹുലേയന്‍, ദേവദാസ്, മനോജ് എന്നിവരെ പരുക്കുകളോടെ ഓച്ചിറയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


തിങ്കളാഴ്ച പകല്‍ പതിനൊന്നോടെയായിരുന്നു അപകടം. മത്സ്യബന്ധനം കഴിഞ്ഞ് ഹാര്‍ബറിലേക്ക് വരുന്നതിനിടെ അഴീക്കല്‍ പൊഴിയുടെ ഭാഗത്ത് കൂറ്റന്‍ തിരയില്‍പ്പെട്ട് മറിയുകയായിരുന്നു. ഉമാവതി എന്ന വള്ളത്തില്‍ നാല്‍പ്പതോളം വരുന്ന തൊഴിലാളികള്‍ ഉണ്ടായിരുന്നു.

വലയുടെ പുറത്ത് ഇരിക്കുകയായിരുന്ന മനോജും അനില്‍കുമാറും വള്ളവുമായി മറിയുകയായിരുന്നു. മറ്റുള്ളവരെ സമീപത്തുണ്ടായിരുന്ന വള്ളക്കാര്‍ രക്ഷപ്പെടുത്തുകയുമായിരുന്നു. അനില്‍ കുമാറിന് വേണ്ടിയുള്ള തെരച്ചില്‍ ഊര്‍ജ്ജിതമാക്കി. മനോജിന്റെ ഭാര്യ: ശിവപ്രിയ. മക്കള്‍: ആദിത്യന്‍, ആദര്‍ശ്.



Sharing is Caring