മണിനാദം നിലചിട്ട് ഇന്നേക്ക് രണ്ട് വര്‍ഷം

കോഴിക്കോട്‌: ജനപ്രിയനടനായിരുന്ന കലാഭവന്‍ മണി ഓര്‍മ്മയായിട്ട് രണ്ടു വര്‍ഷം തികഞ്ഞു. മലയാളത്തില്‍ മാത്രമല്ല തെന്നിന്ത്യന്‍ ഭാഷകളിലും മണി താരമായിരുന്നു.ഒരു ഓട്ടോക്കാരനായി ജീവിതം ആരംഭിച്ച മണി വളരെ പെട്ടെന്നാണ് പ്രശസ്തനായത്. അതുപോലെ തന്നെ പെട്ടെന്നു തന്നെ അദ്ദേഹം മറഞ്ഞുപോകുകയും ചെയ്തു.

അഭിനയം, ആലാപനം, സംഗീതസംവിധാനം രചന തുടങ്ങി എല്ലാ മേഖലകളിലും മണി തന്റെ കയ്യൊപ്പ് പതിപ്പിച്ചിട്ടുണ്ട്.മലയാളത്തിലെ എല്ലാ പ്രമുഖ താരങ്ങള്‍ക്കൊപ്പവും അഭിനയിച്ച കലാഭവന്‍ മണി രജനീകാന്ത്, കമലഹാസന്‍, ഐശ്വര്യാറായ്, വിക്രം തുടങ്ങി തെന്നിന്ത്യന്‍ നടീനടന്മാരുടെ കൂടെയും തന്റെ അഭിനയമികവ് തെളിയിച്ചു. സാധാരണക്കാര്‍ക്ക് മണി അവരുടെ എല്ലാമായിരുന്നു. തന്റെ നാടന്‍പാട്ടിലൂടെയും അവരെ സഹായിച്ചും മണി സാധാരണക്കാര്‍ക്കിടയിലേക്ക് ഇറങ്ങിച്ചെല്ലുകയായിരുന്നു. മണിയുടെ പാട്ടുകള്‍ അവരെ കരയിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തിരുന്നു.

ഒരുപാട് ഗാനമേളകളിലും മണി നിറസാന്നിധ്യമായിരുന്നു. ദേശീയ പുരസ്കാരം മുതല്‍ നിരവധി പുരസ്കാരങ്ങള്‍ മണിയെ തേടിയെത്തി.മലയാളികള്‍ ഉള്ളിടത്തോളം കാലം മണി അവരുടെ ഉള്ളില്‍ ജീവിക്കും. അത്ര ശക്തമായിട്ടാണ് കലാഭവന്‍ മണി മലയാള മനസ്സുകളില്‍ പതിഞ്ഞിരിക്കുന്നത്.

നാളിത്ര കഴിഞ്ഞിട്ടും മണിയുടെ മരണത്തിലെ ദുരൂഹതകള്‍ ഇനിയും മാറിയിട്ടില്ല. മലയാളികള്‍ ഒന്നടങ്കം നെഞ്ചിലേറ്റിയ കലാഭവന്‍ മണി മരിച്ചതെങ്ങനെ?, സ്വാഭാവിക മരണമാണോ ആത്മഹത്യയാണോ അതോ കൊലപാതകമാണോ എന്ന ചോദ്യത്തിന് രണ്ട് വര്‍ഷത്തിനിപ്പുറവും ഉത്തരമില്ല. കുടുംബം ആരോപിക്കുന്ന സംശയങ്ങളില്‍ ഉള്‍പ്പെടെ സിബിഐ അന്വേഷണം നടന്നു വരികയാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *