മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ നിന്നും ഒഴിവാക്കണമെന്ന് കാട്ടി മുഖ്യപ്രതി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനുള്‍പ്പെടെ നല്‍കിയ വിടുതല്‍ ഹർജി ശനിയാഴ്ച ഉച്ചയോടെ കോടതി പരിഗണിക്കും.നേരിട്ട് ഹാജരാകണമെന്ന് കോടതി ഉത്തരവിട്ടതിനാല്‍ ഹാജരാകുന്നതിനായി കെ സുരേന്ദ്രൻ രാവിലെ തിരുവനന്തപുരം-മംഗ്ളുറു എക്സ്പ്രസില്‍ കാസർകോട്ടെത്തി.
കോടതിയുടെ ശനിയാഴ്ചത്തെ വിധി നിർണായകമാകും. കേസ് നിലനില്‍ക്കില്ലെന്ന് കാണിച്ച് സുരേന്ദ്രൻ ഫയല്‍ ചെയ്ത ഹർജിയിലാണ് ജില്ലാ പ്രിൻസിപല്‍ സെഷൻസ് കോടതി ശനിയാഴ്ച വിധി പറയുന്നത്. സുരേന്ദ്രനും മറ്റുപ്രതികളും കോടതിയിലെത്തണമെന്ന് കോടതി ഉത്തരവിട്ടിരുന്നു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തിലെ ബിഎസ്‌പി സ്ഥാനാർഥി കെ സുന്ദരയെ തട്ടികൊണ്ട് പോയി തടങ്കലില്‍ പാർപ്പിച്ച് ഭീഷണിപ്പെടുത്തി നാമനിർദേശ പത്രിക പിൻവലിപ്പിക്കുകയും ഇതിന് കോഴയായി പണവും മൊബൈല്‍ ഫോണും നല്‍കിയെന്നുമാണ് കേസ്.
കെ സുന്ദരയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ മഞ്ചേശ്വരത്തെ എല്‍ഡിഎഫ് സ്ഥാനാർഥി വി വി രമേശനാണ് കോടതിയെ സമീപിച്ചത്. കേസ് ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിച്ച് എസ്‌സി-എസ്‌ടി അതിക്രമം തടയല്‍ നിയമപ്രകാരം ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കുറ്റപത്രം സമർപ്പിച്ചത്.













