മകന്റെ വിവാഹത്തില്‍ പങ്കെടുക്കാനും രോഗിയായ മാതാവിനെ സന്ദര്‍ശിക്കാനുമായി അബ്ദുനാസര്‍ മഅ്ദനി സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ വിധി പറയാന്‍ കോടതി മാറ്റിവച്ചു. തിങ്കളാഴ്ചയാണ് ജാമ്യാപേക്ഷയില്‍ വിധി പറയുക. ബംഗളൂരു എന്‍.ഐ.എ കോടതിയിലാണ് പി.ഡി.പി ചെയര്മാന് അബ്ദുനാസര്‍ മഅ്ദനി ജാമ്യാപേക്ഷ നല്‍കിയിരുന്നത്.
മകന് ഉമര്‍ മുക്താറിന്റെ വിവാഹത്തില്‍ പങ്കെടുക്കാനും രോഗിയായ മാതാവിനെ സന്ദര്‍ശിക്കാനും ഓഗസ്റ്റ് ഒന്നു മുതല്‍ 20 വരെ കേരളത്തിലേക്ക് പോകാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ഹരജി നല്‍കിയത്.

എന്നാല്‍ വിവാഹത്തില്‍ പങ്കെടുക്കണമെന്ന ആവശ്യം അംഗീകരിക്കാനാകില്ലെന്നും മാതാവിനെ സന്ദര്‍ശിക്കാനുള്ള ആവശ്യം പരിഗണിക്കാമെന്നും കര്‍ണാടക സര്‍ക്കാര്‍ കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. അപേക്ഷയില്‍ വിശദമായ വാദം കേട്ട കോടതി വിധി പറയാന്‍ തിങ്കളാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. ഓാഗസ്റ്റ് ഒന്‍പതിനാണ് മഅ്ദനിയുടെ മകന്റെ വിവാഹം.













