മംഗളൂരുവില്‍ നിന്ന് പറയുന്നയര്‍ന്ന വിമാനം കുലുങ്ങി വിറച്ചു; നിലവിളിയും പ്രാര്‍ഥനയും, ഒടുവില്‍ തിരിച്ചിറക്കി

മംഗളൂരുവില്‍ നിന്നു ദോഹയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനം പറന്നുയര്‍ന്ന ഉടനെ കുലുങ്ങി വിറച്ചു. കുലുക്കത്തിന്റെ ദൈര്‍ഘ്യം കൂടിയതോടെ വിമാനത്തിനകത്ത് രക്ഷക്ക് വേണ്ടി യാത്രക്കാരുടെ കൂട്ടനിലവിളി. കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ചരയോടെ മംഗളൂരു വിമാനത്താവളത്തില്‍ നിന്നു ദോഹയിലേക്ക് പറന്ന ഐ.എക്‌സ് 821 എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനമാണ് പറന്നുയര്‍ന്ന ഉടനെ കുലുങ്ങാന്‍ തുടങ്ങിയത്.

172 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. വിമാന യാത്രയില്‍ ഇത് വരെ അനുഭവപ്പെടാത്ത തരത്തില്‍ ശക്തമായ വിറയല്‍ അനുഭവപ്പെട്ടതോടെ ഒട്ടനവധി തവണ വിമാനത്തില്‍ യാത്ര ചെയ്തവരും സ്ത്രീകളും, കുട്ടികളും ഉള്‍പ്പെടെയുള്ള യാത്രക്കാരും വളരെ ഉച്ചത്തില്‍ പ്രാര്‍ഥന നടത്തുന്നതും സഹായത്തിനായി കേഴുന്നതും ഈ വിമാനത്തില്‍ യാത്ര ചെയ്ത ഒരാള്‍ വോയ്‌സ് റെക്കോര്‍ഡ് ചെയ്തു സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. ഇതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

അതേസമയം പറന്നുയര്‍ന്ന ഉടനെ വിമാനത്തിന്റെ ഒരു എഞ്ചിനില്‍ നിന്നു അപശബ്ദം കേട്ടതിനെ തുടര്‍ന്ന് പൈലറ്റ് വിമാനം മംഗളൂരുവില്‍ തന്നെ തിരിച്ചിറക്കുകയായിരുന്നുവെന്നാണ് എയര്‍ ഇന്ത്യാ അധികൃതരുടെ വാദം. എന്നാല്‍ സാധാരണ ഗതിയില്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ യാത്രക്കാര്‍ക്ക് പൈലറ്റ് വിവരം കൈമാറുകയും ഈ വിവരം മനസ്സിലാക്കി യാത്രക്കാര്‍ ക്ഷമാപൂര്‍വ്വം വിമാനത്തില്‍ ഇരിക്കുകയുമാണ് ചെയ്യാറുള്ളത്. എന്നാല്‍ കഴിഞ്ഞ ദിവസം വിമാനത്തിനകത്ത് ഇത്തരം ഒരു മുന്നറിയിപ്പ് ഉണ്ടായതായി സൂചന പോലുമില്ലാത്ത അവസ്ഥയിലാണ് യാത്രക്കാര്‍ വളരെ ഉച്ചത്തില്‍ പ്രാര്‍ഥനകള്‍ നടത്തുന്നതും നിലവിളിക്കുന്നതും. മംഗളൂരുവില്‍ നിന്നു വിദേശ രാജ്യങ്ങളിലേക്ക് പോകുന്ന എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനങ്ങളില്‍ ഓരോ പത്തു മിനിറ്റിനു ഇടയിലും കാലാവസ്ഥ മോശമാണെന്നും യാത്രക്കാര്‍ സീറ്റു ബെല്‍റ്റ് ധരിക്കണമെന്നും ഇടയ്ക്കിടെ യാത്രക്കാരെ ഉണര്‍ത്തുന്ന സംഭവം സാധാരണമാണ്. എന്നാല്‍ മറ്റു വിമാനങ്ങളില്‍ ഇവിടെ നിന്നു സഞ്ചരിക്കുന്ന യാത്രക്കാര്‍ക്ക് ഇത്തരം അറിയിപ്പുകള്‍ ഉണ്ടാകാറില്ലെന്നും യാത്രക്കാര്‍ പറയുന്നു.

എഞ്ചിനില്‍ ഉണ്ടായ വന്‍ തകരാറാണ് വിമാനം കുലുങ്ങി വിറയ്ക്കാന്‍ കാരണമായതെന്ന സൂചനയുണ്ടെങ്കിലും ഇത്തരം സംഭവം ഉണ്ടായതായി സമ്മതിക്കാന്‍ എയര്‍ ഇന്ത്യാ അധികൃതര്‍ തയ്യാറാവുന്നില്ല. പകരം ചെറിയ ഒരു അപശബ്ദത്തെ തുടര്‍ന്ന് വിമാനം തിരിച്ചിറക്കിയെന്ന വാദമാണ് ഇവര്‍ ഉന്നയിക്കുന്നത്. വിമാനത്താവളത്തില്‍ എല്ലാവിധ അടിയന്തര സാഹചര്യങ്ങളും ഒരുക്കിയാണ് വിമാനം തിരിച്ചിറക്കിയതെന്നാണ് സൂചന. പൈലറ്റിന്റെ മനഃസാന്നിധ്യമാണ് വന്‍ ദുരന്തത്തില്‍ നിന്നു യാത്രക്കാരെ രക്ഷിച്ചതെന്ന സൂചനയുമുണ്ട്.

ഒരു മണിക്കൂറോളം ആകാശത്തു ചുറ്റിക്കറങ്ങിയ വിമാനം 6.30 ന് വിമാനം സുരക്ഷിതമായി മംഗളൂരുവില്‍ ലാന്‍ഡ് ചെയ്യുകയായിരുന്നു. ഇതോടെയാണ് യാത്രക്കാരുടെ നിലവിളി അവസാനിച്ചത്. തുടര്‍ന്ന് യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റി. എന്നാല്‍ ഇതിനിടയില്‍ ഒരു കൂട്ടം ആളുകള്‍ യാത്ര ക്യാന്‍സല്‍ ചെയ്തു തങ്ങളുടെ നാടുകളിലേക്ക് തിരികെ പോയി. പിറ്റേന്നു രാവിലെ മറ്റൊരു വിമാനത്തില്‍ 118 യാത്രക്കാരെ ദോഹയിലേക്ക് കൊണ്ട് പോയി. ബാക്കിയുള്ള യാത്രക്കാര്‍ക്ക് നാളെ ദോഹയിലേക്ക് പോകാമെന്നു എയര്‍ ഇന്ത്യാ അധികൃതര്‍ അറിയിച്ചെങ്കിലും ടിക്കറ്റെടുത്ത യാത്രക്കാര്‍ ഇതിന് തയ്യാറായിട്ടില്ലെന്നാണ് സൂചന.

Spread the love

Leave a Reply

Your email address will not be published. Required fields are marked *