ഭൂമി തട്ടിപ്പ് കേസില്‍ ലാലു പ്രസാദ് യാദവിന് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡി നോട്ടീസ്


ജോലിക്ക് പകരം ഭൂമി തട്ടിപ്പ് കേസില്‍ ബിഹാർ മുൻ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവ്, മകൻ തേജ് പ്രതാപ് യാദവ്, ഭാര്യ റാബ്രി ദേവി എന്നിവരെ ചോദ്യം ചെയ്യലിന് വിളിപ്പിച്ച്‌ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്.ഇത് സംബന്ധിച്ച സമൻസ് ഇവർക്ക് ഇഡി കൈമാറിയെന്നാണ് വിവരം.


തേജ് പ്രതാപിനോടും റാബ്രി ദേവിയോടും ചൊവ്വാഴ്‌ച അന്വേഷണ ഏജൻസിയുടെ മുമ്ബാകെ ഹാജരാകാൻ ആവശ്യപ്പെട്ടപ്പോള്‍ ലാലു പ്രസാദിനോട് ബുധനാഴ്‌ച പാട്‌നയില്‍ ഹാജരാകാനാണ് സമൻസില്‍ വ്യക്തമാക്കുന്നത്. കേസുമായി ബന്ധപ്പെട്ട് ലാലു പ്രസാദ്, തേജ് പ്രതാപ്, മകള്‍ ഹേമ യാദവ് എന്നിവരെ ഡല്‍ഹി കോടതി വിളിച്ചുവരുത്തിയതിന് തൊട്ടുപിന്നാലെയാണ് ഈ നടപടി.


കേസുമായി ബന്ധപ്പെട്ട് റാബ്രി ദേവി അന്വേഷണ ഏജൻസിയുടെ ഓഫീസില്‍ ചോദ്യം ചെയ്യലിനായി ഹാജരാകും എന്നറിയിച്ചിട്ടുണ്ട്. ശേഷം അവിടെ ഉദ്യോഗസ്ഥർ അവരുടെ മൊഴി രേഖപ്പെടുത്തും. ലാലു പ്രസാദ് യാദവിനെ നാളെ ചോദ്യം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

നേരത്തെ കേസില്‍ സിബിഐ സമർപ്പിച്ച അന്തിമ കുറ്റപത്രം പരിഗണിച്ച റോസ് അവന്യൂ കോടതി, മാർച്ച്‌ 11ന് ഹാജരാകാൻ ഇവരോട് നിർദ്ദേശിച്ചിരുന്നു. ലാലുവിന്റെ ഇളയ മകനും മുൻ ബിഹാർ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവിനും കോടതി പുതിയ സമൻസ് അയച്ചിട്ടുണ്ട്. കേസില്‍ 30 സർക്കാർ ഉദ്യോഗസ്ഥർ ഉള്‍പ്പെടെ 78 പേരെയാണ് സിബിഐ പ്രതി ചേർത്തത്.

2004നും 2009നും ഇടയില്‍ ലാലു പ്രസാദ് കേന്ദ്ര റെയില്‍വേ മന്ത്രിയായിരുന്നപ്പോള്‍, ഇന്ത്യൻ റെയില്‍വേയിലെ ഗ്രൂപ്പ്-ഡി തസ്‌തികകളിലേക്ക് വ്യക്തികളെ നിയമിക്കുന്നതിനായി ഗണ്യമായി കുറഞ്ഞ വിലയ്ക്ക് ഭൂമി നിയമവിരുദ്ധമായി കൈവശപ്പെടുത്തിയെന്ന ആരോപണത്തെ തുടർന്നാണ് ഈ കേസ് എടുത്തത്. ഇതിലാണ് സിബിഐ കുറ്റപത്രം സമർപ്പിച്ചത്.



Sharing is Caring