ഹേമ കമ്മിറ്റി റിപ്പോട്ടിന്റെ അടിസ്ഥാനത്തില്‍ മൊഴി നല്‍കാൻ താല്‍പര്യമില്ലാത്തവരെ നിർബന്ധിക്കരുതെന്ന് ഹെെക്കോടതി.അന്വേഷണത്തിന്റെ പേരില്‍ ആരെയും ബുദ്ധിമുട്ടിക്കാനാവില്ല. എസ്‌ഐടി ബുദ്ധിമുട്ടുണ്ടാക്കിയാല്‍ ഹെെക്കോടതിയെ സമീപിക്കാമെന്നും ഹെെക്കോടതി വ്യക്തമാക്കി.
മൊഴി നല്‍കാൻ നിർബന്ധിക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതിയുടെ നിർദേശം.
നോട്ടീസ് കിട്ടിയവർക്ക് മജിസ്ട്രേറ്റിന് മുന്നില്‍ മൊഴി നല്‍കാമെന്നും അല്ലെങ്കില്‍ ഹാജരായി താല്‍പര്യമില്ലെന്ന് അറിയിക്കണമെന്നും ഹെെക്കോടതി വ്യക്തമാക്കി.

ഹേമ കമ്മിറ്റിക്ക് മുൻപില്‍ മൊഴി നല്‍കിയവർ പൊലീസിന് മുന്നില്‍ മൊഴി നല്‍കാൻ വിസമ്മതിക്കുന്നുവെന്നാണ് വിവരം.
അതേസമയം, മൊഴി നല്‍കിയില്ലെങ്കില്‍ ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ രജിസ്റ്റർ ചെയ്ത കേസുകള്‍ എഴുതിത്തള്ളിയേക്കും. നിലവില്‍ 80 കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഇതില്‍ 35 എണ്ണം ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുള്ളതാണ്.
റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നേരിട്ട് അന്വേഷണ സംഘത്തിന് ലഭിച്ച പരാതികളിലാണ് മറ്റ് കേസുകള്‍ രജിസ്റ്റർ ചെയ്തത്. നേരിട്ട് പരാതി നല്‍കിയ കേസുകളില്‍ മാത്രം കുറ്റപത്രവുമായി മുന്നോട്ടുപോയേക്കും.













