അഴിമതി രഹിത തദ്ദേശ സ്ഥാപനങ്ങള്‍ എന്ന ലക്ഷ്യത്തിനായി അഴിമതിക്കെതിരെ പരാതി നല്‍കാനുള്ള സിംഗിള്‍ വാട്സാപ്പ് നമ്ബര്‍ പുറത്തിറക്കി തദ്ദേശ സ്വയംഭരണ, പാർലമെന്ററികാര്യ വകുപ്പ് മന്ത്രി എം ബി രാജേഷ്.807 806 60 60 എന്ന നമ്ബര്‍ ചടങ്ങില്‍ മന്ത്രി പ്രഖ്യാപിച്ചു.
രാജ്യത്ത് ആദ്യമായി തദ്ദേശ സ്ഥാപനങ്ങളുടെ സേവനങ്ങള്‍ പൂർണമായി ഓണ്‍ലൈനാക്കി മാറ്റുന്ന സംസ്ഥാനമായി കേരളം മാറാൻ പോവുകയാണെന്നും മന്ത്രി പറഞ്ഞു.സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളില്‍ നവീന സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി ഡിജിറ്റല്‍ നവീകരണം കൂടുതല്‍ കാര്യക്ഷമമായി നടപ്പിലാക്കും. ഏപ്രില്‍ 10 മുതല്‍ മുഴുവൻ തദ്ദേശസ്ഥാപനങ്ങളിലും ത്രിതല പഞ്ചായത്തുകളിലും സോഫ്റ്റ് വെയർ വിന്യസിക്കും.

സ്മാർട്ട്ഫോണ്‍ ഉപയോഗിച്ച് തദ്ദേശ സ്ഥാപനങ്ങളില്‍ നിന്ന് ലഭിക്കേണ്ട എല്ലാ സേവനങ്ങളും നേരിട്ട് പോകാതെ ഓണ്‍ലൈനായി ലോകത്ത് എവിടെനിന്നും സ്വീകരിക്കാൻ കഴിയുന്ന രീതിയില്‍ തദ്ദേശ സ്ഥാപനങ്ങളുടെ പ്രവർത്തനം ആധുനികവല്‍ക്കരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. നവീകരിച്ച തദ്ദേശ സ്വയംഭരണ വകുപ്പ് വെബ്സൈറ്റിന്റെ പ്രകാശനം മാസ്ക്കറ്റ് ഹോട്ടലില്‍ നിർവഹിക്കുകയായിരുന്നു മന്ത്രി.
കേരളത്തില്‍ തദ്ദേശസ്ഥാപനങ്ങളുടെ കർത്തവ്യങ്ങള്‍ പുനർനിർവചിക്കപെടുകയാണ്. അടിസ്ഥാന സൗകര്യവികസനം, ക്ഷേമപ്രവർത്തനങ്ങള്‍ നടപ്പിലാക്കല്‍, വികസന പദ്ധതികളുടെ പരിപാലനം എന്നതില്‍ ഉപരിയായി പ്രാദേശിക സാമ്ബത്തിക വികസനം, തൊഴില്‍ സൃഷ്ടിക്കല്‍, രണ്ടാംതലമുറ വികസന പ്രശ്നങ്ങളെ അഭിസംബോധന ചെയ്യല്‍, സംരംഭകത്വങ്ങള്‍ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ നടപടികളുമായി തദ്ദേശസ്ഥാപനങ്ങള്‍ മുന്നോട്ടു പോവുകയാണ്.
ചുമതലകള്‍ ഭംഗിയായും ഫലപ്രദമായും കാര്യക്ഷമമായും നിറവേറ്റാൻ പ്രാപ്തമാക്കുന്ന നിലയില്‍ ആധുനികവല്‍ക്കരണം തദ്ദേശസ്ഥാപനങ്ങളുടെ പ്രവർത്തനത്തില്‍ ഉടനീളം നടപ്പിലാക്കുമെന്നും മന്ത്രി.
വകുപ്പില്‍ സുതാര്യത ഉറപ്പു വരുത്തുന്നതിലും സർക്കാർ പ്രതിജ്ഞാബദ്ധമാണ്. അതിന്റെ ഭാഗമായാണ് തദ്ദേശസ്ഥാപനങ്ങള്‍ക്ക് കീഴില്‍ വരുന്ന സ്ഥാപനങ്ങള്‍, മിഷനുകള്‍, ഏജൻസികള്‍ പദ്ധതികള്‍ തുടങ്ങിയ വിവരങ്ങള്‍ ഉള്‍പ്പെടുത്തി വെബ്സൈറ്റ് നവീകരണവും അഴിമതി റിപ്പോർട്ട് ചെയ്യാനുള്ള പൊതു വാട്സാപ്പ് നമ്ബറും നടപ്പിലാക്കിയിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി. പൊതു വാട്ട്സ്ആപ്പ് നമ്ബരായ 807 806 60 60 ലൂടെ ലഭിക്കുന്ന പരാതികള്‍ കൈകാര്യം ചെയ്യാൻ സംസ്ഥാന തലത്തില്‍ പ്രിൻസിപ്പല്‍ ഡയറക്ടറുടെ കാര്യാലയത്തില്‍ പ്രത്യേക സെല്‍ രൂപീകരിച്ചിട്ടുണ്ട്.
എല്ലാ ജില്ലകളിലും ജോയിന്റ് ഡയറക്ടറുടെ കാര്യാലയം കേന്ദ്രീകരിച്ച് ഇതിനായി പ്രത്യേക സെല്ലും പ്രവർത്തിക്കും. ലഭിക്കുന്ന പരാതികള്‍ സമയ ബന്ധിതമായി തീർപ്പാക്കുന്നതിനും പ്രത്യേക മോണിട്ടറിംഗ് സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.













