ഭൂമിക്കടിയില്‍ നീരൊഴുക്ക്; രാമക്ഷേത്ര നിര്‍മാണം ആശങ്കയില്‍- ഐഐടിയുടെ സഹായം തേടി ട്രസ്റ്റ്

നിശ്ചയിച്ച ഭൂമിക്കടിയില്‍ സരയൂ നദീ പ്രവാഹം കണ്ടെത്തിയതോടെ രാമക്ഷേത്ര നിര്‍മാണം ആശങ്കയില്‍. രാമജന്മഭൂമി തീര്‍ത്ഥ ട്രസ്റ്റ് പുറത്തുവിട്ട മാതൃകയില്‍ ക്ഷേത്രം നിര്‍മിക്കാനാവില്ല എന്നാണ് റിപ്പോര്‍ട്ട്. പുതിയ മാതൃകയക്കായി ട്രസ്റ്റ് ഐഐടി എഞ്ചിനീയര്‍മാരുടെ സഹായം തേടിയതായി ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു.

വിഷയത്തില്‍ ട്രസ്റ്റ് മേധാവിയും പ്രധാനമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ നൃപേന്ദ്ര മിശ്രയുടെ കീഴില്‍ ക്ഷേത്ര നിര്‍മാണ കമ്മിറ്റി യോഗം ചേര്‍ന്നു. നിലവിലെ മാതൃകയില്‍ അടിത്തറ നിര്‍മിക്കാന്‍ ആകില്ലെന്നാണ് സമിതിയുടെ വിലയിരുത്തല്‍. ഇതോടെ ക്ഷേത്രത്തിന്റെ മാതൃകയില്‍ തിരുത്തലുകള്‍ ഉണ്ടാകുമെന്ന് ഉറപ്പായി.

സിബിആര്‍ഐ റൂര്‍ക്കി, ഐഐടി മദ്രാസ് എന്നീ സ്ഥാപനങ്ങള്‍ക്ക് ഒപ്പം ലാര്‍സണ്‍ ആന്‍ഡ് ട്രുബോയിലെ എഞ്ചിനീയര്‍മാരാണ് മണ്ണ് പരിശോധന നടത്തിയിരുന്നത്. ഭൂമികുലുക്കം, കൊടുങ്കാറ്റ് തുടങ്ങിയ പ്രകൃതി ദുരന്തങ്ങളെ ചെറുക്കുന്ന രീതിയിലാണ് നിര്‍മാണം വിഭാവനം ചെയ്തിട്ടുള്ളത്.

2023ഓടെ ക്ഷേത്രനിര്‍മാണം പൂര്‍ത്തിയാക്കാനാണ് ആലോചിച്ചിരുന്നത്. ഓഗസ്റ്റ് അഞ്ചിന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് രാമക്ഷേത്രത്തിന് ശില പാകിയത്. 1100 കോടി രൂപയാണ് പദ്ധതിയുടെ ചെലവ്.

നൂറ്റാണ്ടുകള്‍ നീണ്ട നിയമ പോരാട്ടങ്ങള്‍ക്ക് ഒടുവില്‍ 2019 നവംബറിലാണ് ബാബരി മസ്ജിദ് നില നിന്നിരുന്ന ഭൂമി രാമജന്മഭൂമി ക്ഷേത്രത്തിനായി വിട്ടു കൊടുത്ത് സുപ്രിം കോടതി ഉത്തരവിട്ടത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബഞ്ചിന്റേതായിരുന്നു സുപ്രധാന വിധി. അയോധ്യയില്‍ മറ്റൊരിടത്ത് മസ്ജിദിനായി അഞ്ചേക്കര്‍ ഭൂമി നല്‍കണമെന്നും ഉത്തരവിലുണ്ടായിരുന്നു.

1992 ഡിസംബര്‍ ആറിനാണ് കര്‍സേവകര്‍ 16-ാം നൂറ്റാണ്ടില്‍ നിര്‍മിച്ച പള്ളി തകര്‍ത്തത്. പള്ളി തകര്‍ത്ത കേസില്‍ പ്രതി സ്ഥാനത്തുണ്ടായിരുന്ന എല്‍കെ അദ്വാനി, മുരളീ മനോഹര്‍ ജോഷി തുടങ്ങിയവരെ ഈയിടെ വിചാരണക്കോടതി കുറ്റവിമുക്തരാക്കിയിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *