ഭീകരതയ്‌ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ പാക്കിസ്ഥാന്‍ തയാറാകണം -അമേരിക്ക

ന്യൂയോര്‍: ഭീകരതയ്‌ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ പാക്കിസ്ഥാന്‍ തയാറാകണമെന്ന് ആവര്‍ത്തിച്ച്‌ അമേരിക്ക. കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥത വഹിക്കാമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വാഗ്ദാനത്തെപ്പറ്റിയുള്ള ചോദ്യത്തിന് മറുപടി നല്‍കുന്നതിനിടെ, ആക്ടിങ് അസിസ്റ്റന്റ് സെക്രട്ടറി ആലിസ് വെല്‍സ് ആണ് പാക്കിസ്ഥാന്‍ സ്വീകരിക്കേണ്ട ഭീകരവിരുദ്ധ നടപടിയെക്കുറിച്ച്‌ പറഞ്ഞത്.

സൂദ് അസ്ഹറും ഹാഫീസ് സയീദും ഉള്‍പ്പെടെയുള്ള ഭീകരരെ വിചാരണ ചെയ്യണമെന്ന് അമേരിക്ക പാക്കിസ്ഥാനോട് ആവശ്യപ്പെട്ടു. ഭീകരര്‍ക്കെതിരെ നടപടിയെടുക്കുന്നതിന് പാക്കിസ്ഥാന്‍ എത്രമാത്രം ഗൗരവം കല്‍പിക്കുന്നു എന്നതനുസരിച്ചാകും ഇന്ത്യ-പാക്ക് സംഘാര്‍ഷവസ്ഥയില്‍ അയവുണ്ടാകുകയെന്നും അവര്‍ ചൂണ്ടിക്കാട്ടി.
സ്വന്തം മണ്ണിലെ ഭീകരതയാണ് പാക്കിസ്ഥാന്‍ ആദ്യം തുടച്ച്‌ നീക്കേണ്ടതെന്നും അന്താരാഷ്ട്ര മര്യാദകള്‍ പാലിക്കാനും പ്രാദേശിക സ്ഥിരത നിലനിര്‍ത്താനും അവര്‍ ശ്രമിക്കണമെന്നും അമേരിക്കന്‍ വക്താവ് ആവശ്യപ്പെട്ടു.

ഭീകരന്‍ ഹാഫീസ് സയീദിന്റെ കുടുംബത്തിന്റെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് അയാളുടെ ബാങ്ക് അക്കൗണ്ട് ഉപയോഗിക്കാന്‍ അനുവദിക്കണമെന്ന ആവശ്യം പാക്കിസ്ഥാന്‍ ഉന്നയിച്ചതിനു പിന്നാലെയാണ് അമേരിക്ക ശക്തമായ നിലപാട് ആവര്‍ത്തിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *