ഭിന്നത രൂക്ഷം; കെ.സി.എയില്‍ കൂട്ടരാജി


ഭിന്നത രൂക്ഷമായതോടെ കേരള ക്രിക്കറ്റ് അസോസിയേഷനില്‍(കെ.സി.എയില്‍) കൂട്ടരാജി. കെ.സി.എ സെക്രട്ടറി ജയേഷ് ജോര്‍ജും സംഘടനയുടെ പ്രസിഡന്റും ഉള്‍പ്പെടെയുള്ള കമ്മിറ്റി അംഗങ്ങളാണ് ശനിയാഴ്ച രാജിവെച്ചത്. ആലപ്പുഴയില്‍ ചേര്‍ന്ന ജനറല്‍ബോഡി യോഗത്തിലായിരുന്നു തീരുമാനം.


സാജന്‍ കെ. വര്‍ഗീസാണ് പുതിയ പ്രസിഡന്റ്. സെക്രട്ടറിയായി അഡ്വ. ശ്രീജിത് വി നായരെയും തെരഞ്ഞെടുത്തു.


കേരളാ ക്രിക്കറ്റ് അസോസിയേഷനില്‍ കോടികളുടെ ക്രമക്കേട് നടന്നെന്ന അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് പരിഗണിച്ച്‌ മുന്‍ കെ.സി.എ സെക്രട്ടറി ടി.സി മാത്യുവില്‍ നിന്ന് പണം തിരിച്ചുപിടിക്കാന്‍ ക്രിക്കറ്റ് ഓംബുഡ്സ്മാന്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇതിനെതിരെ രംഗത്തെത്തിയ ടി.സി മാത്യു, തനിക്കെതിരായ നീക്കത്തിന് പിന്നില്‍ ജയേഷ് ജോര്‍ജാണെന്ന് ആരോപിച്ചിരുന്നു.

ഇതിനു പിന്നാലെയാണ് സെക്രട്ടറിയും പ്രസിഡന്റും ഉള്‍പ്പെടെയുള്ള കമ്മിറ്റി അംഗങ്ങളുടെ രാജി. സെക്രട്ടറി സ്ഥാനത്തു നിന്ന് രാജിവെച്ചെങ്കിലും ജയേഷ് ജോര്‍ജ് ബി.സി.സി.ഐ പ്രതിനിധിയായി തുടരും.

എന്നാല്‍ ലോധ കമ്മിറ്റി റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് രാജിയെന്നാണ് കെ.സി.എയുടെ വിശദീകരണം. ലോധ കമ്മിറ്റി റിപ്പോര്‍ട്ട് ശനിയാഴ്ചത്തെ ജനറല്‍ബോഡിയുടെ അജണ്ടയിലുണ്ടായിരുന്നു. കമ്മിറ്റി റിപ്പോര്‍ട്ട് പൂര്‍ണമായും നടപ്പിലാക്കാനാണ് ശനിയാഴ്ച ചേര്‍ന്ന ജനറല്‍ബോഡി തീരുമാനിച്ചത്.

ഇതിന്റെ ഭാഗമായാണ് 9 വര്‍ഷം പൂര്‍ത്തിയാക്കിയ പ്രസിഡന്റും ജോയിന്റ് സെക്രട്ടറിയും രാജിവെച്ചതെന്നാണ് വിശദീകരണം. അതോടൊപ്പം തന്നെ മൂന്നു വര്‍ഷം പൂര്‍ത്തിയാക്കിയ സെക്രട്ടറി ജയേഷ് ജോര്‍ജും രാജിവെക്കുകയായിരുന്നു. അടുത്ത മൂന്നു വര്‍ഷത്തേക്ക് അദ്ദേഹത്തിന് ഇനി സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കാനാകില്ല.

കേരളാ ക്രിക്കറ്റ് അസോസിയേഷനില്‍ കോടികളുടെ ക്രമക്കേട് നടന്നെന്ന് കഴിഞ്ഞ ദിവസം അന്വേഷണക്കമ്മീഷന്‍ കണ്ടെത്തിയിരുന്നു. കമ്മീഷന്റെ റിപ്പോര്‍ട്ട് പരിഗണിച്ച്‌ ടി.സി മാത്യുവില്‍ നിന്ന് പണം തിരിച്ചുപിടിക്കാനാണ് ക്രിക്കറ്റ് ഓംബുഡ്സ്മാന്‍ ഉത്തരവിട്ടത്. ഇതിനെതിരെയാണ് ടി.സി മാത്യു രംഗത്തെത്തിയതും തനിക്കെതിരായ നീക്കത്തിന് പിന്നില്‍ ജയേഷാണെന്ന് ആരോപിച്ചതും.



Sharing is Caring