ഭര്‍ത്താവിനെ കൊന്നശേഷം മരണം കോവിഡ് ബാധിച്ചെന്ന് പ്രചരിപ്പിച്ചു; യുവതി പിടിയില്‍


കാമുകനൊപ്പം ജീവിക്കാൻ യുവതി ഭർത്താവിനെ ശ്വാസംമുട്ടിച്ച് കൊന്നു. നോർത്ത് വെസ്റ്റ് ഡൽഹിയിലെ അശോക് വിഹാറിലാണ് സംഭവം. 46 വയസ്സുള്ള ശരത് ദാസിനെ മുപ്പതുകാരിയായ ഭാര്യ അനിതയും അവരുടെ കാമുകനും ചേർന്ന് കഴുത്ത് ഞെരിച്ചാണ് കൊന്നത്. ഭർത്താവ് മരിച്ചത് കോവിഡ് ബാധിച്ചാണെന്ന് യുവതി പ്രചരിപ്പിച്ചെങ്കിലും അയൽവാസികൾക്ക് സംശയമുണ്ടായി. അയൽവാസികൾ പൊലീസിൽ പരാതിപ്പെടുകയായിരുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്‌തപ്പോഴാണ് ഇയാളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന വിവരം പുറത്തറിയുന്നത്.


അശോക് വിഹാറിൽ ഒരു ചെറിയ കട നടത്തിയിരുന്ന വ്യക്തിയാണ് ശരത് ദാസ്. മേയ് രണ്ടിനാണ് ഇയാളുടെ മരണവാർത്ത പുറത്തറിയുന്നത്. മേയ് രണ്ടിനു രാവിലെ തന്റെ ഭർത്താവ് മരിച്ച വിവരം യുവതി അയൽവാസികളെ അറിയിച്ചു. രാവിലെ എഴുന്നേറ്റപ്പോൾ ഭർത്താവ് അനക്കമില്ലാതെ കിടക്കുകയായിരുന്നെന്നും കോവിഡ് ബാധിച്ചാണ് മരിച്ചതെന്നുമാണ് യുവതി പറഞ്ഞത്. കോവിഡ് ബാധിച്ചാണ് മരിച്ചതെന്ന സംശയം യുവതി ഉന്നയിച്ചതോടെ അയൽവാസികൾ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ഇതിനുപിന്നാലെയാണ് മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്‌തത്. അശോക് ദാസ് ശ്വാസംമുട്ടിയാണ് മരിച്ചതെന്നും ബലപ്രയോഗം നടന്നിട്ടുണ്ടെന്നും പോസ്റ്റ്‌മോർട്ടത്തിൽ വ്യക്തമായതോടെ അനിത പിടിയിലാവുകയായിരുന്നു.


താൻ മറ്റൊരാളുമായി പ്രണയത്തിലാണെന്നും അയാൾക്കൊപ്പം ജീവിക്കാനാണ് ഭർത്താവിനെ കൊന്നതെന്നും അനിത പിന്നീട് കുറ്റസമ്മതം നടത്തി. മേയ് ഒന്നിനു രാത്രി ഭർത്താവ് ഉറങ്ങി കഴിഞ്ഞപ്പോൾ അനിത കാമുകനെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ഒരു പുതപ്പുകൊണ്ട് ശരത്തിനെ ശ്വാസംമുട്ടിച്ച് കൊല്ലുകയായിരുന്നു എന്നും അനിത പറഞ്ഞു.



Sharing is Caring