ഭഗവാന്റെ പേരില്‍ ബിജെപി കളിക്കുന്നത് രാഷ്ട്രീയ നാടകം; വിമര്‍ശനവുമായി ലാലു പ്രസാദ് യാദവ് രംഗത്ത്


ദൈവത്തിന്റെ പേരില്‍ രാഷ്ട്രീയം കളിക്കുകയാണെങ്കില്‍ ഭഗവാന്‍ രാമന്‍ ബിജെപിയെ ശിക്ഷിക്കുമെന്ന് ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ്. ബിജെപി നേതാക്കള്‍ തുടരെ വിവാദ പ്രസ്താവന നടത്തുന്ന സാഹചര്യത്തിലാണ് വിമര്‍ശനവുമായി ലാലു രംഗത്തെത്തിയത്.
ഭഗവാന്‍ രാമന്റെ പേരില്‍ രാഷ്ട്രീയം കളിക്കുന്നത് തികച്ചും തെറ്റും അധാര്‍മ്മികവുമാണെന്ന് പറഞ്ഞ യാദവ്, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും വെറുതെ വിട്ടില്ല. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി രാഷ്ട്രീയ നാടകമാണ് കളിക്കുന്നതെന്നായിരുന്നു യാദവിന്റെ വിമര്‍ശനം. ‘എല്ലാവര്‍ക്കും തങ്ങളുടെ മതാചാരങ്ങള്‍ നടത്താനുള്ള സ്വാതന്ത്ര്യം ഇവിടെയുണ്ട്. എന്നാല്‍ ബിജെപി നേതാക്കള്‍ പ്രത്യേകിച്ച് യോഗി, രാമന്റെ പേരില്‍ രാഷ്ട്രീയ നാടകമാണ് നടത്തിക്കൊണ്ടിരിക്കുന്നത്,’ ബിഹാര്‍ മുന്‍ മുഖ്യമന്ത്രി പറയുന്നു.
നോട്ട് നിരോധനത്തിന്റ പേരില്‍ പാവങ്ങളുടെ ജീവിതം ഇരുട്ടിലാക്കുന്ന നടപടിയാണ് കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായത്. ഇക്കാരണങ്ങള്‍ കൊണ്ടെല്ലാം തന്നെ ആര്‍എസ്എസ്സിനെയും ബിജെപിയെയും ഭഗവാന്‍ ഇല്ലായ്മ ചെയ്യുമെന്നും, രാമന്‍ ജീവിക്കുന്നത് രാജ്യത്തെ ജനങ്ങളുടെ ഹൃദയത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദീപാവലി അഘോഷങ്ങളില്‍ സംസാരിക്കവെയാണ് യാദവിന്റെ പ്രതികരണം.




Sharing is Caring