ഭക്ഷണം പാഴാക്കുന്ന രാജ്യങ്ങളില്‍ സൗദി അറേബ്യ ഒന്നാംസ്ഥാനത്ത്

ജിദ്ദ : ലോകത്ത് ഭക്ഷണം പാഴാക്കുന്ന രാജ്യങ്ങളില്‍ ഒന്നാം സ്ഥാനത്ത് സൗദി അറേബ്യ. പരിസ്ഥിതി, ജല, കാര്‍ഷിക മന്ത്രാലയം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. രാജ്യത്ത് ഉത്പാദിപ്പിക്കുന്ന ഭക്ഷണങ്ങളില്‍ 30 ശതമാനവും പാഴാക്കി കളയുന്നതാണ് പതിവ്. വര്‍ഷം 4900 കോടി റിയാലാണ് ഇങ്ങനെ പാഴാക്കുന്ന ഭക്ഷണത്തിന്റെ വിലയായി വരുന്നത്.

ഒരു വര്‍ഷം ആഗോളതലത്തില്‍ പാഴാക്കുന്ന ഭക്ഷണത്തിന്റെ ശരാശരി 115 കിലോ ആണെങ്കില്‍ സൗദിയില്‍ അത് 250 കിലോയാണ്. സൗദി അറേബ്യയിലാണ് ലോകത്ത് ഏറ്റവും കൂടുതല്‍ ധാന്യങ്ങള്‍ ഭക്ഷിക്കുന്നത്. അത്താഴ വിരുന്നുകള്‍, കല്യാണങ്ങള്‍ റെസ്റ്റോറന്റുകള്‍, ഹോട്ടല്‍ ബുഫെകള്‍ എന്നിവിടങ്ങളിലാണ് വലിയൊരു ഭാഗം ഭക്ഷണവും പാഴാക്കുന്നത്.

സമൂഹത്തിലെ അവബോധമില്ലായ്മ തന്നെയാണ് രാജ്യത്ത് ഇത്രമാത്രം ഭക്ഷണം പാഴാക്കിക്കളയാന്‍ കാരണം. അതിഥികള്‍ക്കുമുന്നില്‍ മേനി നടിക്കുന്നതിന് റസ്റ്റോറന്റുകളിലും ഹോട്ടലുകളിലും വലിയ പാര്‍ട്ടികള്‍ നടത്തുന്ന പ്രവണത പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇവിടങ്ങളില്‍ പാഴാകുന്ന ഭക്ഷണം കൈകാര്യം ചെയ്യുന്നതില്‍ ഹോട്ടല്‍, റസ്റ്റോറന്റ് ഉടമകള്‍ തികഞ്ഞ അലംഭാവം കാണിക്കുകയും ചെയ്യുന്നു.

2017 ലെ കണക്ക് പ്രകാരം ജിദ്ദ റെഡ് സീ മാളിലെ ഫുഡ് കോര്‍ട്ട് റെസ്റ്റോറന്റുകള്‍ പാഴാക്കിയത് 49 ടണ്‍ ഭക്ഷണമാണ്. 1,44,000 പേര്‍ക്കുള്ള ഭക്ഷണമാണ് പാഴാക്കികളഞ്ഞത്. ഭക്ഷണം പാഴാക്കുന്നതിനും ധൂര്‍ത്തിനുമെതിരെ നിയമനിര്‍മാണത്തിനൊരുങ്ങുകയാണ് സൗദി ശൂറാ കൗണ്‍സില്‍. ഇതു സംബന്ധിച്ച നിര്‍ദേശങ്ങള്‍ ഈ മാസാവസാനത്തോടെ ശൂറാ കൗണ്‍സിലിന്റെ പരിഗണനയ്ക്കുവരുമെന്ന് സൗദി ഗസറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *