ബ്ലൂ വെയില്‍ വീണ്ടും? കര്‍ണാടകയിലെ 20 കുട്ടികള്‍ കൈയ്യില്‍ മുറിവേല്‍പ്പിച്ചു


കര്‍ണാടകയിലെ ബെല്‍ഗാവി കേന്ദ്രീയ വിദ്യാലയയില്‍ പഠിക്കുന്ന 20 കുട്ടികള്‍ കൈയ്യില്‍ മുറിവേല്‍പ്പിച്ചു. എട്ടാം ക്ലാസ് മുതല്‍ 10 വരെയുള്ള കുട്ടികളാണ് കൈയ്യില്‍ ബ്ലേഡ് കൊണ്ട് മുറിവേല്‍പ്പിച്ചതായി ശ്രദ്ധയില്‍പ്പെട്ടത്. അധ്യാപകന്‍ ചോദിച്ചപ്പോള്‍ സൈക്കിളില്‍ നിന്നു വീണതെന്നാണ് കുട്ടികള്‍ പറഞ്ഞത്.


എന്നാല്‍, ആത്മഹത്യയിലേക്കു നയിക്കുന്ന ബ്ലൂ വെയില്‍ ഗെയിമില്‍ കുട്ടികള്‍ കുടുങ്ങിയെന്നാണ് സംശയിക്കുന്നത്. 16 ആണ്‍കുട്ടികളുടെ കയ്യിലും നാല് പെണ്‍കുട്ടികളുടെ കയ്യിലുമാണ് മുറിവേല്‍പ്പിച്ചു കണ്ടത്. കൂടെ പഠിക്കുന്നവരുടെ ശ്രദ്ധ നേടാന്‍ വേണ്ടിയാണ് മുറിവേല്‍പ്പിച്ചതെന്നാണ് വിദ്യാര്‍ഥികളെ ചോദ്യം ചെയ്തപ്പോള്‍ പറഞ്ഞതെന്ന് പ്രിന്‍സിപ്പാള്‍ അരുണ്‍ കുമാര്‍ സിങ് പറഞ്ഞു.


വിദ്യാര്‍ഥികളെയെല്ലാം കൗണ്‍സിലിങിന് വിധേയമാക്കുകയും രക്ഷിതാക്കള്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കാന്‍ നിര്‍ദേശവും നല്‍കിയിട്ടുണ്ട്. സംഭവത്തെത്തുടര്‍ന്ന് സ്‌കൂളില്‍ ബോധവല്‍ക്കരണം ശക്തമാക്കാന്‍ അധികൃതര്‍ തീരുമാനിച്ചു.



Sharing is Caring