ബ്ലാസ്‌റ്റേഴ്‌സിന് ഇന്ന് ആദ്യ അങ്കം

ഐഎസ്എല്‍ മൂന്നാം പതിപ്പിലെ ഉദ്ഘാടന മത്സരത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന് നോര്‍ത്ത് ഈസ്റ്റ് വെല്ലുവിളി.പുതിയ പരിശീലകനും മാര്‍ക്വീതാരത്തിനും കീഴിലാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ഇത്തവണത്തെ പടപ്പുറപ്പാട്. പരിശീലകനായി സ്റ്റീവന്‍ കോപ്പെലും മാര്‍ക്വീ താരമായി വടക്കന്‍ അയര്‍ലന്‍ഡിനായി ഇക്കഴിഞ്ഞ യൂറോകപ്പില്‍ കളിച്ച ആരോണ്‍ ഹ്യൂഗ്‌സും.
കഴിഞ്ഞ വര്‍ഷവും നോര്‍ത്ത് ഈസ്റ്റുമായായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യ പോരാട്ടം. കൊച്ചിയില്‍ നടന്ന ഈ മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് ഗംഭീര തുടക്കം കുറിക്കുകയും ചെയ്തു.

ഗുവാഹത്തിയില്‍ നടന്ന രണ്ടാം മത്സരത്തിലും കൊമ്പന്മാര്‍ ഉജ്ജ്വല വിജയം നേടി. ഒന്നിനെതിരെ നാല് ഗോളുകള്‍ക്കായിരുന്നു ജയം. ഈ ആധിപത്യം തുടരുക എന്നതാണ് ഇന്ന് അവരുടെ ലക്ഷ്യം.
കഴിഞ്ഞ വര്‍ഷം തിരുവനന്തപുരത്തുമാത്രമായിരുന്നു പരിശീലനം. ഇത്തവണ ബ്ലാസ്‌റ്റേഴ്‌സ് നാട്ടിലെ പരിശീലനത്തിന് പുറമെ തായ്‌ലന്‍ഡിലേക്ക് പറക്കുകയും അവിടെ സന്നാഹ മത്സരങ്ങളും കളിച്ചശേഷമാണ് മൂന്നാം പതിപ്പിനിറങ്ങുന്നത്. തായ്‌ലന്‍ഡില്‍ നിന്ന് തിരിച്ചുവന്ന ബ്ലാസ്‌റ്റേഴ്‌സ് കൊല്‍ക്കത്തയിലും പരിശീലനം നടത്തി കഴിഞ്ഞ ദിവസം തന്നെ ഗുവാഹതിയിലെത്തി.

കോപ്പലിന്റെ ഇഷ്ടപ്പെട്ട ശൈലിയായ 4-4-2 രീതിയില്‍ ടീമിനെ മൈതാനത്ത് വിന്യസിക്കാനാണ് സാധ്യത. അതേസമയം ടീം ചില പ്രതിസന്ധികള്‍ക്കിടയിലാണ്. വലതു ബാക്ക് സ്ഥാനത്ത് കളിക്കുന്ന റിനോ ആന്റോ, വിങ്ങറായും സ്‌ട്രൈക്കറായും കളിക്കുന്ന സി.കെ. വിനീത്, പരിക്കിന്റെ പിടിയിലായ മുഹമ്മദ് റഫീഖ് എന്നിവരുടെ അഭാവമാണ് കനത്ത വെല്ലുവിളി ഉയര്‍ത്തുന്നത്. മാര്‍ക്വീ താരം ആരോണ്‍ ഹ്യൂഗ്‌സ് ഡിഫന്‍സീവ് മിഡ്ഫീല്‍ഡറുടെ റോളില്‍ കളത്തിലെത്താനാണ് സാധ്യത. ഒരു ഇടവേളക്കുശേഷം ടീമില്‍ തിരിച്ചെത്തിയ ഫ്രഞ്ച് ഡിഫന്‍ഡര്‍ സെഡ്രിക് ഹെങ്ബര്‍ട്ടായിരിക്കും പ്രതിരോധത്തിന് ചുക്കാന്‍ പിടിക്കുക. ഒപ്പം ഇന്ത്യന്‍ താരം സന്ദേശ് ജിങ്കാന്‍, സെനഗല്‍ താരം എല്‍ഹാജി നോയെ, ഗുര്‍വിന്ദര്‍ സിങ് എന്നിവരായിരിക്കും ഇറങ്ങുക.

Spread the love

Leave a Reply

Your email address will not be published. Required fields are marked *