ബ്രിട്ടണില്‍ 106-ാമത്തെ കാന്റർബറി ആർച്ച് ബിഷപ്പായി സാറ മുല്ലാലി (63) സ്ഥാനാരോഹണം ചെയ്തു. 1,400 വർഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഈ സ്ഥാനത്തേക്ക് ഒരു വനിത തിരഞ്ഞെടുക്കപ്പെട്ടത്.കാന്റർബറി കത്തീഡ്രലില്‍ വച്ചാണ് ആഗോളതലത്തില്‍ 8.5 കോടി വിശ്വാസികളുള്ള ആംഗ്ലിക്കൻ സഭയുടെ ആത്മീയ നേതാവായുള്ള സാറയുടെ സ്ഥാനാരോഹണ ചടങ്ങ് നടന്നത്.
മുൻ നഴ്സായ സാറ 2018 മുതല്‍ ലണ്ടൻ ബിഷപ്പിന്റെ പദവി വഹിക്കുകയായിരുന്നു. വനിതാ ബിഷപ്പുമാരെ എതിർക്കുന്ന കണ്‍സർവേറ്റീവ് ആംഗ്ലിക്കൻ ഗ്രൂപ്പുകളുടെ എതിർപ്പ് മറികടന്ന് ഇക്കഴിഞ്ഞ ഒക്ടോബറിലാണ് സാറയെ ചർച്ച് ഒഫ് ഇംഗ്ലണ്ടിന്റെ പരമാദ്ധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്. മുൻ ബിഷപ്പ് ജസ്റ്റിൻ വെല്‍ബി സ്ഥാനം രാജിവച്ച പശ്ചാത്തലത്തിലായിരുന്നു ഇത്.














