ബോള്‍ട്ടിന് നാലാം ലോറസ്

സ്‌പോര്‍ട്‌സിലെ ഓസ്‌ക്കാര്‍ എന്നറിയപ്പെടുന്ന ലോറസ് പുരസ്‌കാരം ജമൈക്കന്‍ അത്‌ലറ്റ് ഉസൈന്‍ ബോള്‍ട്ടിന്. ട്രാക്കിനെ വേഗം കൊണ്ട് കീഴടക്കിയ ബോള്‍ട്ടിനു മുന്നില്‍ മുട്ടുകുത്തിയത് ഫുട്‌ബോള്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനൊ റൊണാള്‍ഡൊയും ബാസ്‌ക്കറ്റ്‌ബോള്‍ താരം ലെബ്രോണ്‍ ജയിംസും. കഴിഞ്ഞ വര്‍ഷത്തെ മികവ് അടിസ്ഥാനമാക്കിയാണ് ഓരോ വര്‍ഷവും ലോറസ് അക്കാദമി മികച്ച താരങ്ങളെ കണ്ടെത്തുന്നത്.

റിയൊ ഒളിമ്പിക്‌സില്‍ 100, 200, 4-100 മീറ്റര്‍ റിലേ ഇനങ്ങളിലെ സ്വര്‍ണനേട്ടമാണ് ബോള്‍ട്ടിനെ തുണച്ചത്. നാലാം തവണ ലോറസ് സ്വന്തമാക്കുന്ന ജമൈക്കന്‍ സ്പ്രിന്റര്‍ റോജര്‍ ഫെഡറര്‍, സെറീന വില്യംസ്, സര്‍ഫ് താരം കെല്ലി സ്ലാറ്റര്‍ തുടങ്ങിയവര്‍ക്കൊപ്പമെത്തി. 2009, 10, 13 വര്‍ഷങ്ങളിലാണ് ബോ ള്‍ട്ട് ജേതാവായത്. മൊണാക്കൊയില്‍ അമേരിക്കന്‍ സ്പ്രിന്റര്‍ മൈക്കിള്‍ ജോണ്‍സണില്‍ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി.

ഒളിമ്പിക്‌സ് ജിംനാസ്റ്റിക്‌സില്‍ സ്വര്‍ണം നേടിയ അമേരിക്കയുടെ സിമോണ ബെയ്ല്‍സാണ് മികച്ച വനിതാ താരം. തിരിച്ചുവരവിനുള്ള പുരസ്‌കാരം അമേരിക്കന്‍ നീന്തല്‍ താരം മൈക്കിള്‍ ഫെല്‍പ്‌സിന്. 2012ല്‍ വിരമിച്ച ശേഷം തിരിച്ചെത്തി റിയൊയിലെ നീന്തല്‍ക്കുളത്തില്‍ നിന്ന് അഞ്ചു സ്വര്‍ണവും ഒരു വെള്ളിയും നേടിയ പ്രകടനം തുണച്ചു ഫെല്‍പ്‌സിനെ. കഴിഞ്ഞ വര്‍ഷം വഴിത്തിരിവുണ്ടാക്കിയ താരം ഫോര്‍മുല വണ്‍ ചാമ്പ്യന്‍ നിക്കോ റോസ്‌ബെര്‍ഗ്. 2014, 2015ല്‍ രണ്ടാമതെത്തിയ ഇദ്ദേഹം, കഴിഞ്ഞ തവണ കിരീടം നേടി.

വിഭിന്നശേഷി വിഭാഗത്തിലെ മികച്ച താരം ഇറ്റലിയുടെ വീല്‍ചെയര്‍ ഫെന്‍സിങ് താരം ബിയാട്രിസ് വിയൊ. മേജര്‍ ലീഗ് ബെയ്‌സ് ബോള്‍ കിരീടം നേടിയ ചിക്കാഗൊ കബ്‌സ് മികച്ച ടീം. 108 വര്‍ഷത്തിനു ശേഷം കിരീടനേട്ടം. പ്രചോദനത്തിനുള്ള പുരസ്‌ക്കാരം ലഭിച്ചത് ഒളിമ്പിക്‌സില്‍ പങ്കെടുത്ത അഭയാര്‍ത്ഥി ടീമിന്. ആക്ഷന്‍ സ്‌പോര്‍ട്‌സ് പെഴ്‌സണായി മൗണ്ടന്‍ ബൈക്ക് യാത്രികന്‍ റേച്ചല്‍ ആതര്‍ട്ടണിനെ തെരഞ്ഞെടുത്തു. സ്‌പെഷ്യല്‍ സ്പിരിറ്റ് അവാര്‍ഡ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ജേതാക്കള്‍ ലെസ്റ്റര്‍ സിറ്റിക്ക്.

ഇത്തവണ ആദ്യമായി ആരാധകര്‍ക്കും ജേതാക്കളെ തെരഞ്ഞെടുക്കാന്‍ അവസരമുണ്ടായി. കായികരംഗത്തെ മികച്ച നിമിഷമായി ആരാധകര്‍ തെരഞ്ഞെടുത്തത് ജൂനിയര്‍ സോക്കര്‍ വേള്‍ഡ് ചലഞ്ച് ഫൈനലില്‍ തോറ്റ ജപ്പാന്‍ ടീമിനെ ബാഴ്‌സലോണ അണ്ടര്‍ 12 ടീം ആശ്വസിപ്പിക്കുന്ന നിമിഷം. അവാര്‍ഡ് ജേതാക്കള്‍ക്ക് അക്കാദമിയില്‍ അംഗത്വം ലഭിക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *