ചിത്രം- എഎഫ്പി
അവസാന മത്സരത്തില്‍ സ്വര്‍ണം നേടി വിടചൊല്ലാമെന്ന മോഹം ബാക്കിയാക്കി ട്രാക്കില്‍ വീണ ഉസൈന്‍ ബോള്‍ട്ടിന് കണ്ണീരണിഞ്ഞ വിടവാങ്ങല്‍. അവസാന മത്സരയിനമായ 4*100 മീറ്റര്‍ റിലേയില്‍ അവസാന ലാപ്പിലോടിയ ബോള്‍ട്ട് പേശിവലിവിനെ തുടര്‍ന്ന് മത്സരം പൂര്‍ത്തിയാക്കാനാവാതെ ട്രാക്കില്‍ വീഴുകയായിരുന്നു.

ട്രാക്കില്‍ അല്‍പദൂരം പിന്നിട്ടപ്പോഴേക്കും വേഗം കുറച്ച ബോള്‍ട്ട് വേദനകൊണ്ട് പുളഞ്ഞ് ഞൊണ്ടിച്ചാടിയതോടെ ആരാധകരുടെ ആവേശം മങ്ങി. ബ്രിട്ടന്റെയും അമേരിക്കയുടെ താരങ്ങള്‍ മെഡലിലേക്ക് ഓടിക്കയറുമ്പോള്‍ ബോള്‍ട്ട് വേദന സഹിക്കാനാകാതെ ട്രാക്കിലേക്കു വീണു.
ഫിനിഷിങ് ലൈനിലേക്ക് കുതിക്കുന്ന എതിരാളികളെ നോക്കിയശേഷം വേദനയോടെ ട്രാക്കിലേക്ക് മുഖം പൂഴ്ത്തി ബോള്‍ട്ട് സങ്കടപ്പെടുന്ന കാഴ്ച കായിക പ്രേമികളുടെ മനസ്സില്‍ വിങ്ങലായി.
ആതിഥേയരായ ബ്രിട്ടന്‍(37.47 സെ.) സ്വര്‍ണവും അമേരിക്ക വെള്ളിയും (37.52 സെ.) ജപ്പാന്‍ (38.04 സെ.) വെങ്കലവും നേടി. അവസാന മത്സരത്തില്‍ മെഡല്‍ കിട്ടാതെ മടങ്ങേണ്ടിവന്ന ബോള്‍ട്ടിന് അവസാന ലോക ചാമ്പ്യന്‍ഷിപ്പില്‍ 100 മീറ്ററില്‍ കിട്ടിയ വെങ്കലമാണ് ഒരേയൊരു മെഡല്‍.













