ബോട്ട് അപകടം നടക്കുമ്പോള്‍ മൂന്ന് കപ്പലുകള്‍ സമീപത്തുണ്ടായിരുന്നുവെന്ന് നാവികസേന


കപ്പലിടിച്ച് തകര്‍ന്ന ബോട്ടില്‍ നിന്നു രക്ഷപ്പെടുത്തിയ നാഗര്‍കോവില്‍ സ്വദേശികളായ കാര്‍ത്തികിനേയും സേവ്യറേയും ബേപ്പൂര്‍ തുറമുഖത്ത് എത്തിച്ചപ്പോള്‍


ബേപ്പൂര്‍ തീരത്ത് ബോട്ട് അപകടത്തില്‍ പെടുമ്പോള്‍ മൂന്ന് കപ്പലുകള്‍ സമീപത്തുണ്ടായിരുന്നതായി നാവികസേന. ശ്രീലങ്കയിലേക്കും ഗുജറാത്തിലേക്കും മുംബൈയിലേക്കും പോകുന്ന കപ്പലുകളാണ് ഇവ. രാജ്യാന്തര മേഖലയിലെ അപകടമായതിനാല്‍ അന്വേഷണം നടത്താന്‍ പരിമിതിയുണ്ടെന്നും നാവികസേന അറിയിച്ചു.


അതേസമയം, അപകടത്തില്‍ മരിച്ച തൊഴിലാളി ആന്റണിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. കാണാതായ മറ്റു മൂന്നു പേര്‍ക്കുള്ള തെരച്ചില്‍ പുരോഗമിക്കുകയാണ്. ഇടിച്ച കപ്പലിനെകുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

നാലു പേരെയാണ് അപകടത്തില്‍പെട്ട് കാണാതായത്. കൊച്ചിയില്‍ നിന്നു മത്സ്യ ബന്ധനത്തിന് പോയ ഇമ്മാനുവല്‍ എന്ന മത്സ്യബന്ധന ബോട്ടാണ് കോഴിക്കോട് ബേപ്പൂരില്‍ നിന്ന് 50 നോട്ടിക്കല്‍ മൈല്‍ അകലെ പുറംകടലില്‍ കപ്പലിടിച്ചു തകര്‍ന്നത്. ഇതിലുണ്ടായിരുന്ന ആറു മത്സ്യത്തൊഴിലാളികളില്‍ രണ്ടുപേരെ രക്ഷപ്പെടുത്തി. നാഗര്‍കോവില്‍ സ്വദേശികളായ കാര്‍ത്തിക്(21), സേവ്യര്‍ (58) എന്നിവരെയാണ് രക്ഷപ്പെടുത്തിയത്.



Sharing is Caring