ബോംബും വടിവാളുകളും മറ്റു മാരകായുധങ്ങളുമായി നാലുപേര്‍ അറസ്റ്റില്‍. പൊറത്തുശ്ശേരി കല്ലട ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം അലങ്കോലപ്പെടുത്തുന്നതിനും ആക്രമണം നടത്തുന്നതിനുമായി എത്തിയ സംഘമാണു പിടിയിലായതെന്നു പോലീസ് പറഞ്ഞു. തളിയക്കോണം മണ്ടോമന വീട്ടില്‍ വിഷ്ണു (20), സഹോദരന്‍ വിശ്വന്‍ (18), തളിയക്കോണം പള്ളാപ്പറമ്ബില്‍ വീട്ടില്‍ രഞ്ജിത്ത് (24) എന്നിവരും ഒരു കൗമാരക്കാരനുമാണു പിടിയിലായത്.
ഉത്സവത്തോടനുബന്ധിച്ച് ആക്രമണം നടക്കാന്‍ സാധ്യതയുണ്ടെന്നു സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എം.കെ. സുരേഷ് കുമാറിനു ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്നു പ്രത്യേക പോലീസ് സംഘം രൂപീകരിച്ച് അന്വേഷണം നടത്തിവരികയായിരുന്നു. ഇരിങ്ങാലക്കുട എസ്.ഐ: കെ.എസ്. സുശാന്തും സംഘവുമാണ് ഇവരെ അറസ്റ്റ് ചെയ്തത്.
പിടിയിലായ വിഷ്ണുവിനെ അരക്കിലോ കഞ്ചാവ് സഹിതം രണ്ടു മാസം മുമ്ബ് പോലീസ് പിടികൂടിയിരുന്നു. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയിരിക്കുകയാണ്. മറ്റ് മൂന്ന് പ്രതികളും മയക്കുമരുന്ന്, ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവരാണ്. ഇരിങ്ങാലക്കുടയിലെ സ്വകാര്യ കോളജില്‍ ഹോസ്റ്റല്‍ വാര്‍ഡനായി ജോലി ചെയ്യുന്ന രഞ്ജിത്ത് ബോംബ് നിര്‍മാണത്തില്‍ വിദഗ്ധനാണ്.
ഏതാനും മാസങ്ങള്‍ക്കു മുമ്ബ് ഇരിങ്ങാലക്കുട സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ നടത്തിയപരിശോധനയില്‍ പുല്ലത്തറ ഭാഗത്തുനിന്നും നിരവധി ബോംബുകള്‍ കണ്ടെത്തി പ്രതികളെ പിടികൂടിയിരുന്നു. ഇപ്പോള്‍ പിടികൂടിയത് മാരക പ്രഹര ശേഷിയുള്ള ബോംബുകളാണെന്ന് ജില്ലാ ബോംബ് സ്ക്വാഡ് എസ്.ഐ: പി.കെ. പ്രകാശന്‍ പറഞ്ഞു. ജില്ലാ ബോംബ് സ്ക്വാഡ് ബോംബുകള്‍ നിര്‍വീര്യമാക്കി.
ബോംബു നിര്‍മാണത്തിനാവശ്യമായ സ്ഫോടക വസ്തുക്കള്‍ ലഭ്യമായതു സംബന്ധിച്ച് അന്വേഷണം നടത്തുമെന്നു ഇരിങ്ങാലക്കുട ഡിവൈ.എസ്.പി: ഫെയ്മസ് വര്‍ഗീസ് അറിയിച്ചു. പ്രത്യേക അന്വേഷണ സംഘത്തില്‍ എസ്.ഐ: തോമസ് വടക്കന്‍, സീനിയര്‍ സി.പി.ഒമാരായ അനീഷ് കുമാര്‍, മുരുകേഷ് കടവത്ത്, രാകേഷ് പറപ്പറമ്ബില്‍, രാഹുല്‍ അമ്ബാടന്‍, സി.എസ്. രാജേഷ്, എ.കെ. മനോജ് എന്നിവരാണ് ഉണ്ടായിരുന്നത്.













