ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്ക് പിന്നാലെ പായുന്നവര്‍ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണം – ശിവസേന


എല്‍ഫിന്‍സോണ്‍ റയില്‍വെ സ്റ്റേഷനിലുണ്ടായ അപകടത്തിന്റെ പേരില്‍ ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ശിവസേന രംഗത്ത്. നടന്നത് സാധാരണ അപകടമല്ല. സര്‍ക്കാര്‍ ജനങ്ങളെ ഒന്നടങ്കം കൂട്ടക്കൊല ചെയ്യുകയാണ് ഉണ്ടായതെന്ന് ശിവസേന എംപി സഞ്ജയ് റാവത്ത് പറഞ്ഞു. ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്ക് പിന്നാലെ പായുന്ന ബിജെപിയും സര്‍ക്കാരും ജനങ്ങളുടെ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കണമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.
അതിനിടെ റെയില്‍വെ മന്ത്രി പിയൂഷ് ഗോയല്‍ രാജിവെക്കണമെന്നാവശ്യവുമായി മറ്റു ശിവസേന നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. അപകടത്തില്‍ പരിക്കേറ്റവരെ പ്രവേശിപ്പിച്ച കെ.ഇ.എം ആശുപത്രിയിലെത്തിയ മന്ത്രി പിയൂഷ് ഗോയല്‍, മഹാരാഷ്ട്ര വിദ്യാഭ്യാസ മന്ത്രി വിനോദ് ത്വാദെ എന്നിവര്‍ക്കെതിരെ നൂറോളം ശിവസേന പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളുമായി രംഗത്തെത്തി.
കനത്ത മഴയ്ക്കിടെ മുംബൈ നഗരത്തിലെ എന്‍ഫിന്‍സ്റ്റണ്‍ റെയില്‍വെ സ്റ്റേഷനിലെ കാല്‍പനടപ്പാതയിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് 22 പേരാണ് മരിച്ചത്. ഇന്ന് രാവിലെ ഒന്‍പതരയോടെയാണ് അപകടമുണ്ടായത്. അപകടത്തില്‍ 39 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
അപകടത്തില്‍ സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും വിമര്‍ശനമുന്നയിച്ചു. ഇത് മനുഷ്യനിര്‍മിത ദുരന്തമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷ പറഞ്ഞു. ശക്തമായ അന്വേഷണം നടത്തി ഉത്തരവാദികള്‍ക്കെതിരെ നടപടിയെടുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.




Sharing is Caring