ബി.ജെ.പി മുഗളന്‍മാരെ പോലെ ഭീഷണിപ്പെടുത്തുന്നുവെന്ന് ശിവസേന

മുംബൈ: മഹാരാഷ്​ട്രയില്‍ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട അനിശ്​ചിതത്വങ്ങള്‍ നിലനില്‍ക്കുന്നതിനിടെ ബി.ജെ.പിക്കെതിരെ​ ശക്​തമായ വിമര്‍ശനവുമായി ശിവസേന. സംസ്ഥാനത്ത്​ രാഷ്​ട്രപതിഭരണം ഏര്‍പ്പെടുത്തുമെന്ന ധനകാര്യമന്ത്രിയുടെ പ്രസ്​താവന ഭരണഘടനാ വിരുദ്ധവും ജനാധിപത്യത്തിന്​ എതിരാണെന്നും ശിവസേന കുറ്റപ്പെടുത്തി.

മുഖപത്രമായ സാമ്​നയില്‍ എഴുതിയ ലേഖനത്തിലും കടുത്ത വിമര്‍ശനങ്ങളാണ്​ ശിവസേന ബി.ജെ.പിക്കെതിരെ ഉന്നയിക്കുന്നത്​. മുഗളന്‍മാരെ പോലെയാണ്​ ബി.ജെ.പി ഭീഷണിപ്പെടുത്തുന്നതെന്ന്​ സാമ്​നയിലെ ലേഖനത്തി​ല്‍ പറയുന്നു. നിയമവും ഭരണഘടനയും ആരുടെയും അടിമയല്ല. മഹാരാഷ്​ട്രയിലെ നിലവിലെ സ്ഥിതിക്ക്​ ശിവസേന ഉത്തരവാദികളല്ല. അത്​ ജനങ്ങള്‍ക്ക്​ അറിയാമെന്നും സാമ്​നയിലെ ലേഖനത്തില്‍ ശിവസേന ചൂണ്ടിക്കാട്ടുന്നു.

തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം ലഭിക്കാത്ത ചിലരാണ്​ രാഷ്​ട്രപതി ഭരണം വേണമെന്ന്​ ആവശ്യപ്പെടുന്നതെന്നും ശിവസേന ആരോപിച്ചു. മഹാരാഷ്​ട്രയില്‍ നവംബര്‍ എട്ടിനകം സര്‍ക്കാറുണ്ടാക്കിയില്ലെങ്കില്‍ രാഷ്​ട്രപതിഭരണം ഏ​ര്‍പ്പെടുത്തുമെന്ന്​ ബി.ജെ.പി മന്ത്രി ഭീഷണി മുഴക്കിയിരുന്നു. ഇതിന്​ പിന്നാലെയാണ്​ ശിവസേനയുടെ വിമര്‍ശനം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *