ബിഹാര്‍ നിയമസഭയിലേക്കുള്ള ആദ്യ ഘട്ട തെരഞ്ഞെടുപ്പ് തുടങ്ങി

ബിഹാര്‍ നിയമസഭയിലേക്കുള്ള ആദ്യ ഘട്ട തെരഞ്ഞെടുപ്പ് തുടങ്ങി. നിതീഷ് കുമാ൪ സ൪ക്കാറിലെ ഏഴ് മന്ത്രിമാരടക്കം 71 മണ്ഡലങ്ങളിലെ സ്ഥാനാ൪ഥികളാണ് ജനവിധി തേടുന്നത്. രണ്ടാംഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽ മോദിയും രാഹുലും ഇന്ന് തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തും.

ബിഹാറിലെ 16 ജില്ലകളിലെ 71 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ്. കോവിഡ് പശ്ചാത്തലത്തിൽ ഒരു മണിക്കൂ൪ അധികം സമയം വോട്ടിങിന് അനുവദിച്ചിട്ടുണ്ട്. രാവിലെ ഏഴ് മണി മുതൽ വൈകീട്ട് ആറ് മണി വരെയാണ് വോട്ടിങ് സമയം. തെ൪മൽ സ്ക്രീനിങ് അടക്കമുള്ള സംവിധാനങ്ങൾ പോളിങ് ബുത്തിലുണ്ടാകും. ഒരു ബൂത്തിൽ ആയിരം പേർക്കാണ് പരമാവധി വോട്ട് ചെയ്യാനാവുക. ബൂത്തുകളുടെ എണ്ണം 45% വർദ്ധിപ്പിച്ചിട്ടുണ്ട്. ആകെ 1065 സ്ഥാനാർഥികളാണ് മത്സര രംഗത്തുള്ളത്. ഇതിൽ ഏഴു പേർ സംസ്ഥാന മന്ത്രിമാരാണ്. ഏറ്റവും ശക്തമായ മത്സരം നടക്കുന്ന മണ്ഡലങ്ങളിലൊന്ന് ജഹാനാബാദാണ്. കാബിനറ്റ് മന്ത്രി കൃഷ്ണന്ദൻ വെ൪മ, ആ൪ജെഡിയുടെ സുദെ യാദവ്, എൽജെപിയുടെ ഇന്ദു ദേവി കശ്യപ് എന്നിവരാണ് മത്സരരംഗത്തുള്ളത്.

ബിഹാ൪ മുൻ മുഖ്യമന്ത്രി ജിഥിൻ റാം മാഞ്ചി മത്സരിക്കുന്ന ഇമാംഗഞ്ചാണ് മറ്റൊരു പ്രധാന മണ്ഡലം. മാഞ്ചിക്കെതിരെ മുൻ സ്പീക്ക൪ കൂടിയായ ഉദയ് നാരായണൻ ചൗദരിയാണ് മത്സരിക്കുന്നത്. കഴിഞ്ഞ തവണ അയ്യായിരത്തിൽ താഴെ വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ച പന്ത്രണ്ട് മണ്ഡലങ്ങളും ഇന്ന് ജനവിധി തേടും. ആദ്യഘട്ടത്തിൽ ഏറ്റവും കൂടുതൽ സ്ഥാനാ൪ഥികളുള്ളത് ആ൪ജെഡിക്കാണ്. 42 പേ൪. അതേസമയം അടുത്ത ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും ഇന്ന് പ്രചരണത്തിനെത്തും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *