ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ലൈംഗിക ശേഷി പരിശോധനാഫലം പോസിറ്റീവ്; അന്വേഷണ സംഘം വീണ്ടും ജലന്ധറിലേക്ക്

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ലൈംഗിക ശേഷി പരിശോധനാഫലം പോസിറ്റീവാണെന്ന് റിപ്പോര്‍ട്ട് വന്നു. അതേസമയം അന്വേഷണസംഘം വീണ്ടും ജലന്ധറിലേക്ക് പോകും. ബിഷപ്പ് അറസ്റ്റിലായ സാഹചര്യത്തില്‍ കൂടുതല്‍ പേര്‍ മൊഴി നല്‍കിയേക്കുമെന്നാണ് വിവരം.

ബിഷപിന്റെ അസാന്നിധ്യത്തില്‍ കൂടുതല്‍ തെളിവുകള്‍ തേടിയാണ് അന്വേഷണ സംഘം അടുത്തയാഴ്ച ജലന്ധറിലെത്തുന്നത്. ബിഷപ്പ് ജയിലിലായതോടെ കൂടുതല്‍ പേര്‍ പരാതികളും നിര്‍ണായ വിവരങ്ങളും നല്‍കുമെന്ന പ്രതീക്ഷയിലാണ് പൊലീസിന്റെ നീക്കം. കേസില്‍ ബിഷപ്പിന് പരമാവധി ശിക്ഷ വാങ്ങി നല്‍കാന്‍ ഇതുവരെ ശേഖരിച്ച തെളിവുകള്‍ മാത്രം മതിയാകില്ലെന്ന് അന്വേഷണ സംഘത്തിന് ഉത്തമ ബോധ്യമുണ്ട്. പണവും സ്വാധീനവും ഉപയോഗിച്ച് കേസിലെ സാക്ഷികളെ ഉള്‍പ്പെടെ വിലയ്‌ക്കെടുക്കാന്‍ ബിഷപ്പിന്റെ ക്യാംപും ശ്രമം തുടങ്ങി. ഈ ഘട്ടത്തിലാണ് കൂടുതല്‍ തെളിവുകള്‍ തേടിയുള്ള അന്വേഷണ സംഘത്തിന്റെ ജലന്ധര്‍ യാത്ര.

ആദ്യത്തെ സന്ദര്‍ശനത്തില്‍ ബിഷപ്പിനെതിരെ പലരും പരാതി പറയാന്‍ തയ്യാറായില്ല. ഭീഷണി ഭയന്നായിരുന്നു ഇതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ജലന്ധറില്‍ ജയിലിലായതോടെ ബിഷപ്പിനെതിരെ കൂടുതല്‍ പരാതികള്‍ ഉയരാന്‍ ഇടയുണ്ട്. രൂപത ഓഫിസിലും മഠങ്ങളിലും എത്തി കന്യാസ്ത്രികളുടെയും വൈദികരുടെയും ഉള്‍പ്പെടെ സാക്ഷിമൊഴി ശേഖരിക്കും. ബിഷപ്പിനെതിരെ ജലന്ധറില്‍ ലഭിക്കുന്ന പരാതികളില്‍ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് ജലന്ധര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് അന്വേഷണ സംഘം കത്തു നല്‍കി.

സഭ വിട്ട 20 കന്യാസ്ത്രികളില്‍ നാലു പേരുടെ മൊഴി ഇതിനോടകം ശേഖരിച്ചു. ശേഷിക്കുന്നവരെയും കണ്ടെത്തി മൊഴിയെടുക്കാനും പദ്ധതിയുണ്ട്. പീഡനക്കേസിന്റെ കൂടെയുള്ള മൂന്നു കേസുകളില്‍ അന്വേഷണം ഈയാഴ്ച പൂര്‍ത്തിയാക്കും. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ച കേസില്‍ ഫാ. ജെയിംസ് ഏര്‍ത്തയില്‍, പരാതിക്കാരിയെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസ്, പരാതിക്കാരിയുടെ ചിത്രം പ്രദര്‍ശിപ്പിച്ച കേസ് എന്നിവയാണിവ. ഈ കേസുകളില്‍ അന്വേഷണം പൂര്‍ത്തിയാക്കി ഹൈക്കോടതിയിലും സുപ്രീംകോടതിയിലും ബിഷപ്പിന്റെ ജാമ്യാപേക്ഷകള്‍ക്കെതിരെ ഉപയോഗിക്കും. കസ്റ്റഡിയില്‍ ബിഷപ്പിനെ രണ്ടു ദിവസം ചോദ്യം ചെയ്‌തെങ്കിലും കാര്യമായ വിവരങ്ങള്‍ ലഭിച്ചില്ല. പീഡനം നടന്ന കാലയളവില്‍ ഉപയോഗിച്ച വസ്ത്രങ്ങളും മൊബൈല്‍ ഫോണും ജലന്ധറില്‍ നിന്ന് കണ്ടെത്താനാകുമെന്ന് പ്രതീക്ഷയും അന്വേഷണ സംഘത്തിനുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *