ബിനീഷ് കോടിയേരിയുടെ വീട് ആക്രമിച്ചത് എട്ടംഗ സംഘമെന്ന് സിസിടിവി ദൃശ്യങ്ങള്‍; മൂന്നു പേര്‍ പിടിയില്‍


സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷിന്റെ വീട് ആക്രമിച്ച കേസിലെ മൂന്നുപേരെ പൊലീസ് പിടികൂടി. പ്രത്യേക അന്വേഷണ സംഘം പിടികൂടിയ പ്രതികളെ രഹസ്യകേന്ദ്രത്തില്‍ ചോദ്യം ചെയ്യുകയാണ്. വീടിന് അടുത്തുളള വര്‍ക്ക്‌ഷോപ്പിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നും അക്രമികളെ പൊലീസ് തിരിച്ചറിഞ്ഞിരുന്നു. നാലുബൈക്കുകളിലായി എത്തിയ എട്ടുപേരാണ് അക്രമിസംഘത്തിലുണ്ടായിരുന്നത്.
ആക്രമണവുമായി ബന്ധപ്പെട്ട് കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ഐ.പി ബിനു ഉള്‍പ്പെടെ അഞ്ചു സിപിഎം പ്രവര്‍ത്തകരെയും ആറു ബിജെപി പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ബിനീഷ് കോടിയേരിയുടെ വീട് ആക്രമിച്ചവരും പിടിയിലായത്. ബിനുവിനെയും മൂന്ന് എസ്എഫ് ഐ ഭാരവാഹികളെയും സിപിഎം സസ്‌പെന്‍ഡ് ചെയ്തിരുന്നു. ബിജെപി ഓഫീസിനു മുന്നില്‍ ആക്രമികളെ തടയാതിരുന്ന രണ്ടു പോലീസുകാരെയും സസ്‌പെന്‍ഡ് ചെയ്തു. കനത്ത സുരക്ഷയിലാണ് നഗരം. മൂന്നു ദിവസത്തേക്ക് നഗരത്തില്‍ പോലീസ് ആക്ട് പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചു.




Sharing is Caring