കേരളത്തില്‍ ഭൂസമരം നടത്താന്‍ പോകുന്ന ബിജെപി അവര്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഭൂപരിഷ്കരണം പേരിനുപോലും നടത്താത്തത് എന്തുകൊണ്ടെന്ന് വിശദമാക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. ദേശീയതലത്തില്‍ ഭൂപരിഷ്കരണത്തിന് നരേന്ദ്രമോഡി മുന്‍കൈ എടുക്കാത്തത് എന്തുകൊണ്ടെന്നും കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ, കോടിയേരി ചോദിച്ചു.
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പട്ടികജാതി, പട്ടിക വര്‍ഗ വിഭാഗക്കാരുടെ വീടുകള്‍ കൊള്ളയടിക്കുകയും രോഹിത് വെമുലമാര്‍ ആത്മഹത്യചെയ്യുകയുമാണ്. ഇത് മറയ്ക്കാനാണ് ബിജെപിയുടെ ഭൂസമരം. കമ്യൂണിസ്റ്റ് പാര്‍ടി ഭരിച്ച കേരളം, ബംഗാള്‍, ത്രിപുര എന്നിവിടങ്ങളില്‍മാത്രമാണ് ഭൂപരിഷ്കരണം നടന്നത്. കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഭൂപരിഷ്കരണത്തിന്റെ തുടര്‍പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാന്‍പോവുകയാണ്. 30 ലക്ഷം പേര്‍ക്ക് സ്ഥലവും വീടും നല്‍കാനുള്ള പദ്ധതി നടപ്പാക്കുകയാണ്. ഇതിനെ വികൃതപ്പെടുത്താനും ബിജെപിയുടെ സമരംമൂലമാണ് വീടും സ്ഥലവും കിട്ടിയതെന്ന് വരുത്തിത്തീര്‍ക്കാനുമാണ് ബിജെപി ശ്രമിക്കുന്നതെന്നും കോടിയേരി പറഞ്ഞു.














