ബിജെപി നേതാവിന്റെ മകന്റെ തട്ടിക്കൊണ്ടുപോകല്‍ : പെണ്‍കുട്ടിയെ പിന്തുടരുന്ന സിസിടിവി ദൃശ്യം ലഭിച്ചു


ഹരിയാനയിലെ ബിജെപി സംസ്ഥാന പ്രസിഡന്റിന്റെ മകന്‍ ഐഎഎസ് ഉദ്യോഗസ്ഥന്റെ മകളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസിലെ പ്രധാന തെളിവായ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ബിജെപി സംസ്ഥാനപ്രസിഡന്റ് സുഭാഷ്ബറാലയുടെ മകന്‍ വികാസും സുഹൃത്തുക്കളും ആഡംബരവാഹനത്തില്‍ യുവതിയുടെ കാറിനെ പിന്തുടരുന്നത് ദൃശ്യങ്ങളില്‍നിന്നു വ്യക്തമാണെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. തിരക്കേറിയ റോഡിലെ സിസിടിവി ദൃശ്യങ്ങള്‍ ലഭ്യമല്ലെന്ന പൊലീസിന്റെ നിലപാട് വിവാദമായിരുന്നു. കേസ് തേച്ചുമായ്ച്ചുകളയാനാണ് നീക്കമെന്ന ആക്ഷേപവുമുണ്ടായി. ഇതിനിടയിലാണ്് അഞ്ച് സിസിടിവികളിലെ ദൃശ്യങ്ങള്‍ ലഭിച്ചെന്നും അതില്‍ വികാസ് ബറാല യുവതിയെ പിന്തുടരുന്നത് വ്യക്തമായി കാണാമെന്നുമുള്ള വിശദീകരണവുമായി പൊലീസ് രംഗത്തെത്തിയത്.


മകന്‍ ചെയ്ത കുറ്റത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് സുഭാഷ് ബറാല പാര്‍ടി അധ്യക്ഷ സ്ഥാനം രാജിവയ്ക്കേണ്ടതില്ലെന്നാണ് ബിജെപി സംസ്ഥാനഘടകത്തിന്റെ നിലപാട്.
സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ശക്തമായ തെളിവ് അവഗണിക്കാനാണ് പൊലീസിന്റെ നീക്കമെങ്കില്‍ നീതിക്കായി കോടതിയെ സമീപിക്കുമെന്ന് യുവതിയുടെ അച്ഛനായ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു. അര്‍ധരാത്രിയില്‍ ഒറ്റയ്ക്ക് കാറോടിക്കാന്‍ പോയിട്ടാണ് അനിഷ്ടസംഭവം ഉണ്ടായതെന്ന ബിജെപി സംസ്ഥാന വൈസ്പ്രസിഡന്റ് റാംവീര്‍ഭാട്ടിയുടെ പ്രസ്താവനയെ യുവതി രൂക്ഷമായി വിമര്‍ശിച്ചു. താന്‍ എപ്പോള്‍ എവിടെയൊക്കെ പോകുന്നുവെന്ന് തീരുമാനിക്കുന്നത് റാംവീര്‍ ഭാട്ടിയല്ലെന്ന് യുവതി പറഞ്ഞു. മോശമായി പെരുമാറുന്ന പുരുഷന്മാരുടെ ശല്യമില്ലെങ്കില്‍ പെണ്‍കുട്ടികള്‍ക്ക് ഏത് പാതിരാത്രിയിലും എവിടെയും പോകാമെന്നും അതിനുവേണ്ട നടപടി സ്വീകരിക്കേണ്ടത് അധികാരസ്ഥാനത്തുള്ളവരുടെ ഉത്തരവാദിത്തമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.


വെള്ളിയാഴ്ച രാത്രി മദ്യലഹരിയില്‍ യുവതിയുടെ കാറിനെ പിന്തുടര്‍ന്ന വികാസിനെയും സുഹൃത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും നിസ്സാരവകുപ്പ് ചുമത്തി ജാമ്യത്തില്‍ വിട്ടയച്ചിരുന്നു.



Sharing is Caring