ബിജെപിയെയും കുമ്മനത്തെയും വിമര്‍ശിച്ച് പോസ്റ്റിട്ട യുവമോര്‍ച്ചാ പ്രവര്‍ത്തകനെ ആര്‍എസ്എസുകാര്‍ വെട്ടി; കാര്യവാഹക് അടക്കം നാലുപേര്‍ക്കെതിരെ കേസ്


ബിജെപിയിലെ അഴിമതിക്കെതിരെയും കുമ്മനം രാജശേഖരനെതിരെയും ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടതിന് കൊടുങ്ങല്ലൂരില്‍ യുവമോര്‍ച്ചാ നേതാവിനെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്ന് വെട്ടിപരിക്കേല്‍പ്പിച്ചു. യുവമോര്‍ച്ച നേതാവ് അനീഷ് പോണത്തിനാണ് വെട്ടേറ്റിരിക്കുന്നത്. ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിനാണ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആക്രമിച്ചതന്നാരോപിച്ച് അനീഷ് പരാതി നല്‍കി. സംഭവത്തില്‍ നാല് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം തുടങ്ങിയതായി കൊടുങ്ങല്ലൂര്‍ പൊലീസ് അറിയിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.


ഇന്നലെ രാത്രി ഒന്‍പത് മണിക്കായിരുന്നു പരാതിക്ക് ആസ്പദമായ സംഭവം. കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തില്‍ നിന്നും ഇറങ്ങിയപ്പോഴാണ് യുവമോര്‍ച്ച തൃശൂര്‍ ജില്ലാ കമ്മിറ്റി അംഗം കൂടിയായ അനീഷ് പോണത്തിനു നേരെ ആക്രമണമുണ്ടായത്. ക്ഷേത്രത്തിനു സമീപമുള്ള ആര്‍എസ്എസ് ശാഖയില്‍ നിന്നും 30 പേര്‍ വടിവാളും മറ്റു മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നുവെന്നാണ് അനീഷ് മൊഴി നല്‍കിയിരിക്കുന്നത്.


ബിജെപിയിലെ മെഡിക്കല്‍ കോഴ അഴിമതിക്കെതിരെയും വ്യാജ രസീത് വിവാദത്തെക്കുറിച്ചും അനീഷ് പലപ്പോഴായി ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനെ പരോക്ഷമായി വിമര്‍ശിക്കുന്ന പോസ്റ്റും ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വിരോധത്തിന് പിന്നിലുണ്ടാവാമെന്നും അനീഷ് പറയുന്നു

അനീഷ് ഇപ്പോള്‍ കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. അനീഷിൻന്റെ പരാതിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരായ അനീഷ്, രാജേഷ്, അഖില്‍, ആര്‍എസ്എസ് താലൂക്ക് കാര്യവാഹക് ജെമി എന്നിവര്‍ക്കെതിരെയാണ് കൊടുങ്ങല്ലൂര്‍ പൊലീസ് കേസെടുത്തിരിക്കുന്നത്. സംഘത്തിലുണ്ടായിരുന്ന മറ്റുള്ളവര്‍ക്കായി പൊലീസ് അന്വേഷം തുടരുകയാണ്.



Sharing is Caring