ബിജു വധം: രണ്ട് സിപിഎമ്മുകാര്‍ അറസ്റ്റില്‍


ആര്‍എസ്എസ് രാമന്തളി മണ്ഡല്‍ കാര്യവാഹ് പയ്യന്നൂര്‍ കക്കാംപാറയിലെ സി. ബിജുവിനെ തലയറുത്തു കൊന്ന സംഭവത്തില്‍ രണ്ട് സിപിഎമ്മുകാര്‍ അറസ്റ്റില്‍. സത്യന്‍, ജിതിന്‍ എന്നിവരാണ് പിടിയിലായത്. പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നുമാണ് ഇരുവരേയും പിടികൂടിയത്. ഇവരെ പയ്യന്നൂര്‍ പൊലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തു വരികയാണ്.


കൊലപാതകത്തില്‍ സത്യനും ജിതിനും നേരിട്ട് പങ്കുണ്ടെന്നാണ് പൊലീസ് പറയുന്നത്. ബിജുവിനെ കൊലപ്പെടുത്താനെത്തിയ ഇന്നോവ വാഹനത്തില്‍ ഇരുവരും ഉണ്ടായിരുന്നു. ഇവര്‍ ചേര്‍ന്നാണ് ബിജുവിനെ കൊലപ്പെടുത്തിയതെന്നും പൊലീസ് പറഞ്ഞു.


കേസില്‍ രണ്ട് പ്രതികള്‍ നേരത്തെ അറസ്റ്റിലായിരുന്നു പയ്യന്നൂര്‍ രാമന്തളി കക്കംപാറയിലെ റിനീഷ് (28), പരുത്തിക്കാട്ടെ കുണ്ടുവളപ്പില്‍ കെ.വി. ജ്യോതിഷ് (26) എന്നിവരെയാണ് പയ്യന്നൂര്‍ സിഐ കെ.വി. സുധാകരനും സംഘവും അറസ്റ്റ് ചെയ്തത്. റിനീഷാണ് കൊലയ്ക്ക് നേതൃത്വം നല്‍കിയത്. പയ്യന്നൂരിലെ സിപിഎം കേന്ദ്രത്തില്‍ നടത്തിയ റെയ്ഡിലാണ് ഇവര്‍ പിടിയിലായത്.ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം നാലായി.

പ്രതികളായ മറ്റ് അഞ്ച് സിപിഎമ്മുകാരെക്കുറിച്ചും പോലീസിന് വ്യക്തമായ വിവരം ലഭിച്ചു. ചിലര്‍ കസ്റ്റഡിയിലുണ്ട്. ബിജുവിനെ കൊല്ലാന്‍ നടത്തിയ ഗൂഢാലോചനയെക്കുറിച്ച് മുഴുവന്‍ വിവരങ്ങളും ലഭിച്ചതായി തളിപ്പറമ്പ് ഡിവൈഎസ്പി കെ.വി. വേണുഗോപാല്‍ പറഞ്ഞു.



Sharing is Caring